ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ആർഡിഎക്സ് പ്രദർശനം അവസാനിപ്പിക്കുന്നതിന് മുൻപ് പുതിയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം 50 കോടി നേടുന്ന മലയാള ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആർഡിഎക്സ് ഇടം നേടിയത്. മോഹൻലാൽ നായകനായ പുലി മുരുകൻ (86 കോടി), ലൂസിഫർ (66 കോടി), ടോവിനോ തോമസ്- ആസിഫ് അലി- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലെത്തിയ 2018 (89 കോടി) എന്നിവയാണ് ഈ നേട്ടം മുൻപ് കൈവരിച്ച മലയാള ചിത്രങ്ങൾ. ഇവ കൂടാതെ ബാഹുബലി 2 (75 കോടി), കെ ജി എഫ് 2 (67 കോടി), ജയിലർ (58 കോടി) എന്നിവയും ഈ നേട്ടം കൈവരിച്ച ചിത്രങ്ങളാണ്. ആഗോള തലത്തിൽ 80 കോടി കളക്ഷൻ പിന്നിട്ട ആർഡിഎക്സ്, ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ 2018 , പുലി മുരുകൻ, ലൂസിഫർ, ഭീഷ്മപർവം, എന്നിവയുടെ പിന്നിൽ അഞ്ചാം സ്ഥാനവും നേടിയെടുത്തു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഷബാസ്, ആദർശ് എന്നിവർ ചേർന്നാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ആക്ഷൻ ത്രില്ലറിന് സംഗീതമൊരുക്കിയത് സാം സി എസും, ആക്ഷൻ ഒരുക്കിയത് അൻപ്- അറിവ് ടീമുമാണ്. വിദേശ മാർക്കറ്റിൽ നിന്നും ഗംഭീര കളക്ഷൻ നേടിയ ഈ ചിത്രം ഏവരെയും അമ്പരപ്പിക്കുന്ന വിജയമാണ് നേടുന്നത്. ഓണക്കാലത്ത് റിലീസ് ചെയ്ത ആർഡിഎക്സ് ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.