ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന, ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ത്രീഡി ചിത്രമായ പ്രൊഫസ്സർ ഡിങ്കന് ഇനി പുതിയ സംവിധായകൻ. പ്രശസ്ത ക്യാമറാമാൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ത്രീഡി ചിത്രം. എന്നാൽ ചിത്രം പൂർത്തിയാവുന്നതിന് മുൻപ് തന്നെ അദ്ദേഹം അന്തരിച്ചതോടെ ഈ ദിലീപ് ചിത്രം പാതി വഴിക്കു നിലച്ച അവസ്ഥയിലായിരുന്നു. എന്നാലിപ്പോൾ ഈ ചിത്രത്തിന് പുതിയ സംവിധായകനെത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. രാമചന്ദ്ര ബാബുവിന്റെ അനുജനും ഇന്ത്യൻ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകരിലൊരാളുമായ രവി കെ ചന്ദ്രനായിരിക്കും ഇനിയീ ചിത്രമൊരുക്കുക എന്നാണ് സൂചന. തിരുവനന്തപുരത്തും കൊച്ചിയിലും വിദേശത്തുമായി ഏകദേശം എഴുപതു ശതമാനം ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ ബാക്കി ഭാഗം താൻ പൂർത്തിയാക്കി തരാമെന്നു രവി കെ ചന്ദ്രനറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ നമിതാ പ്രമോദാണ് നായികാ വേഷം ചെയ്യുന്നത്.
നിർമ്മതാവ് സനൽ തോട്ടവും രവി കെ ചന്ദ്രനും റെഡിയായി വന്നാൽ ഈ ചിത്രം തീർത്തു കൊടുക്കാൻ താനും റെഡിയാണ് എന്ന് ദിലീപും പറഞ്ഞിട്ടുണ്ട്. ഇനി ഏകദേശം മുപ്പതു ദിവസത്തെ ഷൂട്ട് കൂടിയുണ്ടെങ്കിൽ ഈ ചിത്രം പൂർത്തിയാവും. ഇപ്പോൾ നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലഭിനയിച്ചു കൊണ്ടിരിക്കുകയാണ് ദിലീപ്. ഏതായാലും പ്രൊഫസസ്സർ ഡിങ്കൻ പൂർത്തിയാക്കി റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് ഏറ്റവും പുതിയ വിവരങ്ങൾ നമ്മളോട് പറയുന്നത്. യാൻ എന്നഒരു തമിഴ് ചിത്രം ആറു വർഷം മുൻപ് സംവിധാനം ചെയ്തിട്ടുള്ള ആള് കൂടിയാണ് രവി കെ ചന്ദ്രൻ. വമ്പൻ ബോളിവുഡ് ചിത്രങ്ങളിലടക്കം ഛായാഗ്രാഹകനായി ജോലി ചെയ്തിട്ടുള്ള ആളാണദ്ദേഹം.