റസൂൽ പൂക്കുട്ടിയുടെ സംവിധാനത്തിൽ ഒറ്റ; നായകനായി ആസിഫ് അലി..!

Advertisement

സൗണ്ട് ഡിസൈനിങ്ങിനു ഓസ്കാർ അവാർഡ് നേടി ഇന്ത്യൻ സിനിമക്കും അതുപോലെ മലയാളികൾക്കും അഭിമാനമായി മാറിയ പ്രതിഭയാണ് റസൂൽ പൂക്കുട്ടി. ഇപ്പോഴിതാ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. മലയാളത്തിൽ ഒരു ചിത്രമൊരുക്കി കൊണ്ടാണ് അദ്ദേഹം സംവിധായകൻ ആവുന്നത്. നേരത്തെ മോഹൻലാൽ, അമിതാബ് ബച്ചൻ എന്നിവരെ ഒക്കെ വെച്ച് ഒരു ത്രില്ലർ വെബ് സീരിസ് അദ്ദേഹം പ്ലാൻ ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. ഏതായാലൂം അദ്ദേഹം ഒരുക്കുന്ന ആദ്യ ചിത്രത്തിൽ നായകനായി എത്തുന്നത് ആസിഫ് അലി ആണ്. അർജുൻ അശോകനും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. ഒറ്റ എന്നാണ് ഈ ചിത്രത്തിന്റെ പേര്. റസൂലിന്റെ നിർമാണ സംരംഭമായ റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആണ്.

സിനിമയുടെയും നിർമാണ കമ്പനിയുടെയും ലോഞ്ചിങ് കൊച്ചിയിൽ നടന്നു. തമിഴ് നടൻ സത്യരാജ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പി.യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എസ്. ഹരിഹരനാണ്. രൺജി പണിക്കർ, ലെന, ശ്യാമപ്രസാദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ എം ജയചന്ദ്രൻ ആണ്. അരുൺ വർമ്മയാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് എങ്കിൽ, ഒറ്റ എഡിറ്റ് ചെയ്യാൻ പോകുന്നത് സിയൻ ശ്രീകാന്ത് ആണ്. മലയാളത്തിൽ അടക്കം ഒട്ടേറെ വമ്പൻ ഇന്ത്യൻ ചിത്രങ്ങളുടെ സൗണ്ട് ഡിസൈൻ ഒരുക്കിയിട്ടുള്ളത് റസൂൽ പൂക്കുട്ടി ആണ്. അതുപോലെ കുറച്ചു നാൾ മുൻപ് തൃശൂർ പൂരം അടിസ്ഥാനമാക്കി എത്തിയ ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close