തമിഴ് സിനിമാ ലോകത്ത് സംഭവിച്ച അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് അന്നിയൻ. വിഖ്യാത സംവിധായകൻ ശങ്കർ തമിഴ് സൂപ്പർ താരം വിക്രമിനെ നായകനാക്കി ഒരുക്കിയ അന്നിയൻ 2005 ലാണ് റിലീസ് ചെയ്യുന്നത്. മനശാസ്ത്ര സംബന്ധമായ പ്രശ്നങ്ങളുള്ള കഥാപാത്രമായി വിക്രം ചിത്രത്തിൽ എത്തിയതും വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചതും അന്നിയൻ എന്ന ചിത്രത്തിനെ അന്നേ വരെയുള്ള ഇന്ത്യൻ സിനിമകളിൽ നിന്നും വേറിട്ടു നിർത്തി. ചിയാൻ വിക്രം എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി അന്നിയൻ വർഷങ്ങൾക്കിപ്പുറം ഇന്നും നിലനിൽക്കുന്നു. ഹാരിസ് ജയരാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്ത്യ മുഴുവൻ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തു. വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു വലിയ പ്രേക്ഷകപ്രീതി ആർജിച്ച അന്നിയൻ ഇപ്പോഴിതാ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. മുൻപ് ചിത്രത്തിന്റെ ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഹിന്ദി ടെലിവിഷൻ ചാനലുകളിൽ ഏറ്റവും കൂടുതൽ സംരക്ഷണം ചെയ്ത ചിത്രങ്ങളിൽ ഒന്ന് എന്ന റെക്കോർഡും അന്നിയന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് നേടുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം ഉത്തരേന്ത്യൻ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിന് ഹിന്ദി പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്.
ബോളിവുഡിലെ സൂപ്പർ താരം രൺവീർ സിംഗ് ആയിരിക്കും അന്നിയന്റെ ഹിന്ദി പതിപ്പിൽ നായകനായി അഭിനയിക്കുക. സാധാരണയായി കാണാറുള്ള അതുപോലെയുള്ള സീൻ- ബൈ- സീൻ റീമേക്കിനായിരിക്കില്ല അണിയറ പ്രവർത്തകർ ശ്രമിക്കുക. പുതിയ കാലത്തിന്റെ പശ്ചാത്തലത്തിലും രീതിക്കും അനുസരിച്ച് ആയിരിക്കും ചിത്രത്തിലെ ഹിന്ദി പതിപ്പ് ഒരുക്കുക. അതുല്യ പ്രതിഭയായ വിക്രം അനശ്വരമാക്കിയ 3 കഥാപാത്രങ്ങളെയും റീമേക്ക് ചെയ്യുമ്പോൾ ഫലിപ്പിക്കാൻ രൺവീർ സിംഗിനെ പോലെയുള്ള ഒരു വലിയ താരത്തിന് കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ബ്രഹ്മാണ്ട ചിത്രങ്ങൾ അണിയിച്ചൊരുക്കി കൊണ്ട് ഇന്ത്യൻ സിനിമയുടെ തന്നെ മുഖമുദ്രയായി മാറിയ ഷങ്കർ ഈ ചിത്രത്തോടെ ഹിന്ദിയിൽ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുന്നതായിരിക്കും.