രണ്ടാമൂഴം വൈകാതെ ആരംഭിക്കും; വെളിപ്പെടുത്തി എം ടി വാസുദേവൻ നായർ

Advertisement

മലയാളത്തിന്റെ ഇതിഹാസ രചയിതാവ് ഈ അടുത്തിടെയാണ് തന്റെ എണ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. എം ടി യുടെ ഓളവും തീരവും എന്ന തിരക്കഥയെ അടിസ്ഥാനമാക്കി പ്രിയദർശൻ അതേ പേരിൽ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിച്ചത്. അതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, അദ്ദേഹം തന്റെ സ്വപ്ന ചിത്രമായ രണ്ടാമൂഴത്തെ കുറിച്ചും വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ മാസ്റ്റർപീസായ നോവൽ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ശ്രീകുമാർ മേനോനായിരുന്നു. എന്നാൽ എം ടിയും ശ്രീകുമാർ മേനോനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയും അത് വലിയ നിയമ പ്രശ്‌നമായി മാറുകയും ചെയ്തു. അവസാനം എം ടിക്ക് അനുകൂലമായി വിധി വരികയും രണ്ടാമൂഴത്തിന്റെ തിരക്കഥ അവർ എം ടിക്ക് തിരിച്ചു നൽകുകയും ചെയ്തു.

തിരക്കഥ തിരിച്ചു കിട്ടിയ സ്ഥിതിക്ക് അത് സിനിമയാക്കാനുള്ള ആലോചനകൾ നടക്കുകയാണെന്നും, ഒരുപാട് വൈകാതെ തന്നെ അത് സിനിമയാവുമെന്നും എം ടി വാസുദേവൻ നായർ പറയുന്നു. ദീപക് ധർമ്മടം നടത്തിയ ഇന്റർവ്യൂവിൽ ആണ് എം ടി വാസുദേവൻ നായർ ഇതിനെ സംബന്ധിച്ച് തുറന്നു സംസാരിച്ചത്. വലിയ പ്രോജക്ട് ആണ് ഇതെന്നും, അത്കൊണ്ട് തന്നെ ഏറ്റവും നല്ല രീതിയിൽ അതെങ്ങനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാമെന്നുള്ള ചിന്തയിലാണ് താനെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇപ്പോൾ എം ടി യുടെ പത്തു കഥകളെ ആധാരമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിന് വേണ്ടിയാണു ഈ പത്തു കഥകളുടെ ആന്തോളജി ഒരുങ്ങുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close