ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ ലെവെലിലേക്കു ഉയർത്താൻ പ്രാപ്തമാകും എന്ന് വിശ്വസിക്കുന്ന ദി മഹാഭാരത അഥവാ എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കാൻ പോകുന്ന മഹാഭാരതം എന്ന ചിത്രം ഇപ്പോഴേ ഇന്ത്യൻ സിനിമയിലെ സംസാര വിഷയമായി മാറി കഴിഞ്ഞു. 1000 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഈ വർഷം മോഹൻലാൽ ചിത്രമായ ഒടിയനിലൂടെ സംവിധാന രംഗത്ത് അരങ്ങേറുന്ന വിഎ ശ്രീകുമാർ ആണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെയാണ് മഹാഭാരതയിലും നായക വേഷം അവതരിപ്പിക്കാൻ പോകുന്നത്. ഗൾഫ് വ്യവസായ പ്രമുഖനായ ബി ആർ ഷെട്ടിയാണ് ഈ ചിത്രം നിർമ്മിക്കാനായി മുന്നോട്ടു വന്നത്.
അടുത്ത വർഷം സെപ്തംബർ മുതൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം ബഡ്ജറ്റിന്റെയും താര പൊലിമയുടെയും കാര്യത്തിൽ മാത്രമല്ല ചരിത്രം സൃഷ്ട്ടിക്കാൻ ഒരുങ്ങുന്നതെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
മഹാഭാരത എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ ഒരു മ്യൂസിയമായും ഒരു മഹാഭാരത പാർക്ക് ആയും വികസിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിനായി ഒരുക്കുന്ന ആയുധങ്ങൾ, രഥങ്ങൾ, മറ്റു യുദ്ധോപകരണങ്ങൾ, കൊട്ടാരങ്ങളുടെയും മറ്റു സ്ഥലങ്ങളുടെയും വമ്പൻ സെറ്റുകൾ എന്നിവയെല്ലാം ഈ മഹാഭാരത പാർക്ക് അഥവാ മഹാഭാരത മ്യൂസിയത്തിന്റെ ഭാഗമായി ഉണ്ടാകും.
ഇന്ത്യയിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ പാർക്കാക്കി മാറ്റി ജനങ്ങൾക്കായി തുറന്നു കൊടുക്കാനുള്ള പ്ലാൻ റെഡി ആക്കുന്നത് . ജനങ്ങൾക്ക് ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഭാഗമായ നമ്മുടെ ഇതിഹാസമായ മഹാഭാരതം നേരിട്ട് മുന്നിൽ കാണുന്ന അനുഭൂതിയുളവാക്കുകയാണ് ഈ മ്യൂസിയം അഥവാ മഹാഭാരത പാർക്കിന്റെ ലക്‌ഷ്യം.
നൂറു കണക്കിന് ഏക്കറിൽ പരന്നു കിടക്കുന്ന ഒരു ദൃശ്യ വിസ്മയം തന്നെ ഈ മഹാഭാരത പാർക്കിലൂടെ ഇന്ത്യൻ ജനതക്ക് മുന്നിലൊരുക്കാനാണ് മഹാഭാരത ടീം തയ്യാറെടുക്കുന്നത്. ഈ പാർക്കിൽ മഹാഭാരത സിനിമയുടെ പ്രദർശനവും ഉണ്ടാകും. അത് പോലെ തന്നെ ചിത്രത്തിന്റെ മേക്കിങ് വിഡിയോകൾ, ചരിത്രാതീത കാലം പുനഃസൃഷ്ടിക്കാൻ അണിയറ പ്രവർത്തകർ എടുത്ത ശ്രമം,വഴികൾ, രീതികൾ എന്നിവയുടെ വീഡിയോ വിവരങ്ങൾ എല്ലാം ഈ പാർക്കിൽ പ്രദർശിപ്പിക്കപ്പെടും എന്നാണ് അറിയാൻ കഴിയുന്നത്.
ഈ പ്ലാൻ ഇന്ത്യൻ ഗവണ്മെന്റ്നു മുന്നിൽ ഇപ്പോഴേ സമർപ്പിക്കപ്പെട്ടതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരെ നിർമ്മാതാവായ ബി ആർ ഷെട്ടിയും സംവിധായകൻ ശ്രീകുമാർ മേനോനും നേരിട്ടു കണ്ടു ഈ കാര്യം ചർച്ച ചെയ്യുമെന്നുമാണ് സൂചനകൾ. രണ്ടാമൂഴം എന്ന ഈ ചിത്രത്തിന്റെ നിർമ്മാണത്തെ പ്രധാന മന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പ്ലാനിന്റെ ഭാഗമാക്കി മാറ്റുമെന്നും സൂചനയുണ്ട്.
നേരത്തെ തന്നെ രണ്ടാമൂഴം ടീമിന് നരേന്ദ്ര മോഡി തന്റെ ആശംസകൾ അറിയിക്കുകയും ഭാരത സർക്കാരിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തതതായും നിർമ്മാതാവ് ബി ആർ ഷെട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മഹാഭാരത മ്യൂസിയം അഥവാ പാർക്ക് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്നാണ് ചിത്രത്തോടടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
മഹാഭാരത എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഒരുപാട് വൈകാതെ തന്നെ പാർക്കിന്റെ ജോലികൾ തീർത്തു ജനങ്ങൾക്ക് സമർപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആലോചിക്കുന്നത്. മോഹൻലാലിന് പുറമെ ഇന്ത്യൻ സിനിമയിലെ ഒട്ടനവധി സൂപ്പർ താരങ്ങൾ ഭാഗമായി എത്തുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരും ഭാഗമാകും.
രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം 2020 ഇൽ പ്രദർശനത്തിനെത്തുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം ഭാഗം തൊട്ടടുത്ത വര്‍ഷവും തിയേറ്ററില്‍ എത്താനാണ് സാധ്യത.