രണ്ടാമൂഴം വിവാദം; മധ്യസ്ഥൻ വേണ്ടെന്നു എം ടി വാസുദേവൻ നായർ..!

Advertisement

രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി താൻ എഴുതിയ മലയാളം- ഇംഗ്ലീഷ് തിരക്കഥകൾ സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്ന് തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ടു എം ടി വാസുദേവൻ നായർ കോഴിക്കോട് മുസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കേസ് പരിഗണിച്ച കോടതി സംവിധായകൻ ശ്രീകുമാർ മേനോനോട് എതിർ സത്യവാങ്മൂലം നല്കാൻ ആവശ്യപ്പെടുകയും അതനുസരിച്ചു ഈ വിവാദം അവസാനിപ്പിക്കാൻ കോടതി ഒരു മധ്യസ്ഥനെ നിയോഗിക്കണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മധ്യസ്ഥനെ വേണ്ടെന്നും , ഇനി ഒരു വിധ ചർച്ചകൾക്കും താല്പര്യമില്ലെന്നുമാണ് എം ടി വാസുദേവൻ നായരുടെ വക്കീൽ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. അതോടെ ഈ കേസ് വരുന്ന പതിമൂന്നിലേക്കു കോടതി മാറ്റി വെക്കുകയും ചെയ്തു.

തിരക്കഥ നൽകി നാല് വർഷം ആയിട്ടും ചിത്രീകരണം തുടങ്ങാൻ സാധിക്കാത്തതു കൊണ്ടാണ് തന്റെ തിരക്കഥ തിരികെ വേണമെന്നും സംവിധായകനിൽ വിശ്വാസം നഷ്ട്ടപെട്ടു എന്നും പറഞ്ഞു എം ടി വാസുദേവൻ നായർ കേസിനു പോയത്. ദുബായ് വ്യവസായി ആയ ബി ആർ ഷെട്ടി ആയിരം കോടി രൂപ മുതൽ മുടക്കി നിർമ്മിക്കാൻ ഇരുന്ന ഈ ചിത്രം അടുത്ത വർഷം ഓണത്തോടെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുകയാണ് എന്നും അതിന്റെ വിശദാംശങ്ങൾ എം ടി യെ അറിയിക്കുന്നതിൽ വന്ന വീഴചയാണ്‌ ഇപ്പോൾ ഈ വിവാദത്തിനു കാരണം ആയതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ ആണ് ഈ പ്രോജെക്ടിലെ നായക വേഷം ചെയ്യാനിരുന്നത്. രണ്ടാമൂഴം സിനിമയാക്കുമെങ്കിൽ നായകൻ മോഹൻലാൽ ആയിരിക്കണമെന്നും തിരക്കഥയിൽ തിരുത്തൽ ഒന്നും പാടില്ല എന്നതും രണ്ടു ഭാഗങ്ങൾ ആയി മാത്രമേ ചിത്രം ചെയ്യാവു എന്നുമായിരുന്നു എം ടി വാസുദേവൻ മുന്നോട്ടു വച്ച നിബന്ധനകൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close