‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ കോടതി വിധി എം ടി വാസുദേവൻ നായർക്ക് അനുകൂലം. കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ വി.എ. ശ്രീകുമാർ മേനോന്റെ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളികൊണ്ട് ഇന്ന് വിധി പ്രസ്താവിച്ചു. എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന കോഴിക്കോട് മുൻസിഫ് കോടതിയുടെ ഉത്തരവ് ഈ വിധിയോടെ നിലനിൽക്കും. കോഴിക്കോട് അഡീഷനൽ മുൻസിഫ് കോടതിയും ശ്രീകുമാർ മേനോന്റെ ആവശ്യം തള്ളിയിരുന്നു. എംടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി എംടി എഴുതിയ തിരക്കഥ 4 വർഷം മുൻപ് ആണ് സിനിമയാക്കുന്നതിനായി ശ്രീകുമാർ മേനോന് നൽകിയത്.
കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിനാൽ ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായരാണ് കോടതിയിൽ കേസു നൽകിയത്. തിരക്കഥ നൽകുമ്പോഴുള്ള കരാർ പ്രകാരം 3 വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എം ടി വ്യക്തമാക്കിയിരുന്നത്. എന്നാൽ 4 വർഷം കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് സംവിധായകനെതിരെയും നിർമാണക്കമ്പനിക്കെതിരെയും കോടതിയിൽ കേസ് കൊടുത്തത്. ഈ തിരക്കഥ ഉപയോഗിച്ചു ചിത്രീകരണം തുടങ്ങുന്നതിൽ നിന്നു സംവിധായകനെയും നിർമാണ കമ്പനിയെയും കോടതി താൽക്കാലികമായി വിലക്കിയിരുന്നെങ്കിലും അപ്പോഴാണ് കോടതിക്ക് പുറത്തു കേസ് തീർക്കാൻ മധ്യസ്ഥൻ വേണം എന്നാവശ്യപ്പെട്ടു ശ്രീകുമാർ മേനോൻ കോടതിയെ സമീപിച്ചത്. പ്രവാസി വ്യവസായി ആയ ബി ആർ ഷെട്ടി ആണ് ഈ ചിത്രം ആയിരം കോടി രൂപയ്ക്കു നിർമ്മിക്കാൻ രംഗത്ത് വന്നത്. മോഹൻലാലിനെ ആണ് ചിത്രത്തിലെ നായകനായി എം ടി നിർദേശിച്ചിരുന്നത്.