സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധേയനായ താരമാണ് റാണ ദഗുപതി. നായകനായും, പ്രതിനായകനായും പ്രേക്ഷക മനസ്സ് കീഴടക്കിയ താരം തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടിണ്ട്. ബാഹുബലിയിൽ പൽവാൾദേവൻ എന്ന പ്രതിനായക വേഷത്തിൽ താരം കരിയർ ബെസ്റ്റ് പ്രകടനമാണ് കാഴ്ചവെച്ചത്. 2010 ൽ പുറത്തിറങ്ങിയ ലീഡർ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. എന്നൈ നോക്കി പായും തോട്ട എന്ന ധനുഷ് ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നം മൂലം കുറെ നാളുകൾ സിനിമയിൽ നിന്ന് റാണ വിട്ടു നിന്നിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചു റാണ ദഗുപതി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. വൃക്കകൾ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്നങ്ങൾ ഉണ്ടായിയെന്നും, ബിപി സ്ട്രോക്ക് വരാൻ 70 ശതമാനവും 30ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നു എന്ന് താരം വ്യക്തമാക്കി. ഏറെ വികാരഭരിതനായാണ് റാണ അസുഖത്തെ കുറിച്ചു തുറന്ന് പറഞ്ഞത്. ചുറ്റുമുളള ആളുകൾ തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചുനിന്നിട്ടുണ്ടെന്നും ഇത് താൻ കൺമുന്നിൽ കണ്ടതാണന്നും അതുകൊണ്ടാണ് റാണ തനിക്ക് ഒരു സൂപ്പർഹീറോ ആകുന്നതെന്ന് നടി സാമന്ത അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. കോവിഡ് കാലത്ത് അടുത്ത സുഹൃത്ത് കൂടിയായ മിഹിക ബജാജിനെ താരം വിവാഹം ചെയ്യുകയുണ്ടായി. റാണയുടെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹിരണ്യകശ്യപ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ.