ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തയായ നടി രമ്യ നമ്പീശൻ ഇനി സംവിധായികയായും എത്തുകയാണ്. രമ്യ നമ്പീശൻ സംവിധാനം ചെയ്ത അണ്‍ഹൈഡ് എന്ന ഹൃസ്വ ചിത്രമിപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍, തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, പ്രശസ്ത തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് എന്നിവരാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിലൂടെ സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാനാണ് രമ്യ നമ്പീശൻ എന്ന സംവിധായിക ശ്രമിച്ചിരിക്കുന്നത് എന്നു പറയാം.
ചൂഷണങ്ങളുടേയും പീഡനങ്ങളേയും ഈ ലോകത്ത് നിന്ന് ഒരു സ്ത്രീ ഓടി ഒളിക്കണമോ അതോ പോരാടണമോ? ശരീരം മറച്ചു നടന്നാലും മറയ്ക്കാതെ നടന്നാലും പെണ്ണിന് രക്ഷയുണ്ടോ? കിടപ്പറക്കുള്ളില്‍ പിച്ചിച്ചീന്തപ്പെടുന്നവളെപ്പറ്റി കേട്ടിട്ടുണ്ടോ? അവള്‍ക്ക് പറയാനുള്ളത് ക്ഷമയോടെ അറിയാന്‍ എത്രപേര്‍ക്ക് മനസ്സുണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് തന്റെ അണ്‍ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ രമ്യ നൽകാൻ ശ്രമിച്ചിരിക്കുന്നത്. രമ്യ നമ്പീശനും, ശ്രിത ശിവദാസുമാണ് ഈ ഹൃസ്വ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബദ്രി വെങ്കടേശ് സംഭാഷണം രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് നീല്‍ ഡിക്കുണയും സംഗീതമൊരുക്കിയത് രാഹുല്‍ സുബ്രമണ്യനുമാണ്. രമ്യ അടുത്തിടെ തുടങ്ങിയ രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ വളരെയധികം സ്വീകരിച്ച ഒരു യൂട്യൂബ് ചാനൽ ആണ് രമ്യയുടേത്. മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ള്യു സി സി യുടെ സജീവ പ്രവർത്തക കൂടിയാണ് രമ്യ നമ്പീശൻ.