തമിഴ് സിനിമ പ്രേമികളുടെ ഹൃദയത്തിൽ ഇപ്പോഴും നിലനിൽക്കുന്നവർ: രാജീവ് മേനോൻ

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി തമിഴിലും കയ്യടി നേടിയെടുത്ത ചിത്രങ്ങൾ ഒരുപാടുണ്ട്. അത്തരത്തിലൊരു ചിത്രമാണ് പ്രശസ്ത സംവിധായകൻ രാജീവ് മേനോനൊരുക്കിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഇരുപതു വർഷം മുൻപ് റിലീസ് ചെയ്ത ഈ റൊമാന്റിക് ഡ്രാമ ഇപ്പോഴും തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ്. മമ്മൂട്ടിയോടൊപ്പം തല അജിത് കുമാർ, ലോക സുന്ദരി ഐശ്വര്യ റായ്, തബു എന്നിവരുമഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴാ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ രാജീവ് മേനോൻ. ഇതിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രവും ഐശ്വര്യ റായിയുടെ മീനാക്ഷി എന്ന കഥാപാത്രവും ഇന്നും തമിഴ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനമുള്ള കഥാപാത്രങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ആ ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ പങ്കു വെച്ച് കൊണ്ടാണ് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ ഇത് പറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ഐശ്വര്യയും തമ്മിലുള്ള ഒരു പ്രണയ സീൻ ഇന്നത്തെ തലമുറക്കിടയിലും വളരെ ശ്രദ്ധ നേടുന്ന ഒരു രംഗമാണ്.

മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും ഗംഭീര പ്രകടനമാണ് ആ രംഗത്തെ മനോഹരമാക്കിയതെന്നു പറയാതെ വയ്യ, സ്നേഹവും സന്തോഷവും സങ്കടവുമെല്ലാം ഇരുവരുടെയും മുഖത്ത് മിന്നി മറയുന്നതും, അതോടൊപ്പം മമ്മൂട്ടിയുടെ ഗംഭീര സൗണ്ട് മോഡുലേഷനും കൂടി ചേർന്നപ്പോൾ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത അതിമനോഹരമായ ഒരു പ്രണയ രംഗമായി അത് മാറി. ഒരു സംവിധായകനെന്ന നിലയിൽ ചിന്തിക്കുമ്പോൾ തനിക്കു ഏറെ തൃപ്തി പകർന്നു തന്ന ഒരു രംഗമാണ് അതെന്നും രാജീവ് മേനോൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ശ്യാമിലി, ശ്രീവിദ്യ എന്നിവരുമഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ ആണ്. മികച്ച സംവിധായകനുള്ള ഫിലിം ഫെയർ രാജീവ് മേനോൻ സ്വന്തമാക്കിയ ചിത്രം കൂടിയാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close