ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് വിജയ് സേതുപതി. അഭിനയവും വ്യക്തിത്വവുമാണ് മറ്റുതാരങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സിനിമ ആരുടെയും കുടുംബ സ്വത്തല്ല എന്ന് വിജയ് സേതുപതി പറഞ്ഞിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചെന്നൈ ഫിലിം ഫെസ്റ്റിവെലില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുന്‍പ് രജനി സാര്‍ വന്നു, അതിനു മുന്‍പ് എംജിആര്‍ വന്നു. ആര്‍ക്കു വേണമെങ്കിലും സിനിമയില്‍വരാം. ഇവിടെ വന്നാല്‍ എല്ലാവരും ഒന്നുപോലെയാണ്. ആരുടെയും സ്വത്തല്ല സിനിമ. സിനിമ സമുദായത്തിന്റെ ഒരു പ്രതിഫലനമാണ്. സിനിമ ഉളളതുകൊണ്ടാണ് ഞങ്ങളുളളത്. അല്ലാതെ ഞങ്ങളുളളതുകൊണ്ടല്ല സിനിമയുളളത്. സിനിമ എല്ലാവരുടെയും പൊതുസ്വത്താണ്” – വിജയ് പറയുന്നു.
13 വര്‍ഷം മുമ്പാണ് വെറുമൊരു സെഡ് റോളിലൂടെ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് വിജയ് സേതുപതി ചുവടുവെച്ചത്. ‘പിസ്സ’ എന്ന ചിത്രം മുതലാണ് ‘മക്കള്‍ സെല്‍വന്‍’ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ‘മക്കൾ സെൽവൻ’ എന്ന പേരിന് താൻ അർഹനാണെന്ന് വിജയ് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഒരു ആരാധകന്റെ പിറന്നാളിന് വായില്‍ വെച്ചുകൊടുത്ത ചോക്ലേറ്റിന്റെ ബാക്കി കഷ്ണം തിന്നുന്ന വേറെ ഒരു നടനെയും നമുക്ക് കാണാനാകില്ല.
തമിഴില്‍ സൂപ്പര്‍സ്റ്റാറായി വളര്‍ന്നിട്ടും എളിമ മായാത്ത വ്യക്തിത്വം മൂലം വിജയ് സേതുപതി സിനിമാലോകത്തിനും ആരാധകർക്കും എന്നും പ്രിയപ്പെട്ടവനാണ്.