നവംബറിൽ വിജയിയോടും സൂര്യയോടും ഏറ്റുമുട്ടാൻ സൂപ്പർസ്റ്റാർ രജനികാന്ത് !!

Advertisement

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് വിജയ് നായകനായിയെത്തുന്ന സർക്കാരും, സൂര്യ നായകനായിയെത്തുന്ന എൻ.ജി.ക്കെ യും, രണ്ട് ചിത്രങ്ങൾ ഈ വർഷം ദിവാലിക്കാണ് റിലീസിന് ഒരുങ്ങുന്നത്. 2011ൽ പുറത്തുറങ്ങിയ വേലായുധം- 7ആം അറിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഏകദേശം 6 വർഷങ്ങൾക്ക് ശേഷമാണ് സൂര്യ- വിജയ് ചിത്രങ്ങൾ വീണ്ടും നേർക്ക് നേർ വരുന്നത്. എന്നാൽ പോരാട്ടം ഏറെ ആവശത്തിലാഴ്ത്താൻ രജനികാന്ത് ചിത്രം 2.0 നവംബർ29 നാണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ ശങ്കറാണ് ഇന്നലെ 2.0 യുടെ റിലീസ് തിയതി ഒരു പോസ്റ്ററിലൂടെ പുറത്തുവിട്ടത്.

കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ്- മുരുഗദോസ് ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ. തമിഴ് നാട് രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പൊളിറ്റിക്കൽ ത്രില്ലറുമായാണ് വിജയ് ഈ പ്രാവശ്യം ദിവാലിക്ക് വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയുടെ ജന്മദിനത്തോട് അനുബന്ധിച്ചു ഇറക്കിയിരുന്നു. ഭൈരവക്ക് ശേഷം കീർത്തി സുരേഷാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. യോഗി ബാബു, വരലക്ഷ്മി ശരത്കുമാർ, പ്രേം കുമാർ, രാധ രവി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. എ. ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മലയാളി കൂടിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സൺ പിക്ചേഴ്‌സിന്റ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

സൂര്യ- സെൽവരാഘവൻ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘എൻ. ജി. ക്കെ’. ചെഗുവേരയുടെ രൂപ സാദൃശ്യത്തിലുള്ള ഫസ്റ്റ് ലുക്ക് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകർച്ചിരുന്നു. സായ് പല്ലവിയും രാകുൽ പ്രീത്തുമാണ് ചിത്രത്തിൽ നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒരു രാഷ്ട്രീയ നേതാവമായാണ് ചിത്രത്തിൽ സൂര്യ വേഷമിടുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന നിലയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ശിവകുമാർ വിജയനാണ്. ഡ്രീം വാരിയർ പിക്ചേഴ്‌സിന്റെ ബാനറിൽ എസ്. ആർ പ്രഭുവാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ത്യൻ സിനിമ ലോകം തന്നെ ആവേശത്തോടെ കാത്തിരിക്കുന്ന 2.0, രജനികാന്തിനെ നായകനാക്കി ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏകദേശം 450 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു മുഴുനീള 3ഡി ചിത്രമായിരിക്കും 2.0. എമി ജാക്സനാണ് നായികയായി വേഷമിടുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാർ പ്രതിനായകനായി വേഷമിടുന്നു. 2 വേഷപകർച്ചയിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക. മലയാളി താരങ്ങളായ കലാഭവൻ ഷാജോനും റിയാസ് ഖാനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. എ. ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വമ്പൻ റിലീസോട് കൂടി 2.0 നവംബർ 29ന് പ്രദർശനത്തിനെത്തും.

നവംബർ ആദ്യവാരമാണ് സൂര്യ- വിജയ് ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. തമിഴ് നാട് രാഷ്ട്രീയത്തിലെ അനീതികൾ ചൂണ്ടിക്കാട്ടിയാണ് രണ്ട് യുവതാരങ്ങളും ഇത്തവണ നേർക്ക് നേർ വരുന്നത്. ഏറെ പ്രതീക്ഷയോടെയെത്തുന്ന ഈ രണ്ട് പൊളിറ്റിക്കൽ ത്രില്ലറുകൾക്കും ഒരു മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ, രജനികാന്ത് ചിത്രം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൈയേറും എന്ന കാര്യത്തിൽ തീർച്ച. 10,000 സ്ക്രീനുകളിലാണ് ഇന്ത്യയൊട്ടാകെ പ്രദർശനത്തിനെത്തുന്നത്. സൂപ്പർസ്റ്റാർ രജനിയുടെ ചിത്രം നവംബറിൽ വന്ന സ്ഥിതിക്ക് വിജയ്- സൂര്യ ചിത്രങ്ങൾ റിലീസ് നീട്ടുമോ എന്നത് കണ്ട് തന്നെ അറിയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close