
മോഹൻലാൽ- സൂര്യ ടീമിനെ അണിനിരത്തി പ്രശസ്ത സംവിധായകൻ കെ വി ആനന്ദ് അണിയിച്ചൊരുക്കിയ ചിത്രമാണ് കാപ്പാൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാലും അദ്ദേഹത്തിന്റെ അംഗ രക്ഷകനായ എൻ എസ് ജി കമാൻഡോ ആയി സൂര്യയും അഭിനയിക്കുന്നു. ആര്യ, ബൊമൻ ഇറാനി, സമുദ്രക്കനി, സായ്‌യേഷ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ആണ് ഈ വരുന്ന ഞായറാഴ്ച. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മുഖ്യ അതിഥികൾ ആയി എത്തുന്നത് തലൈവർ രജനികാന്തും മാസ്റ്റർ ഡയറക്ടർ ശങ്കറും ആണ്. പ്രശസ്ത ഗാന രചയിതാവ് വൈരമുത്തുവും ഈ ചടങ്ങിലെ മുഖ്യാതിഥി ആണ്.
ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനും തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യക്കും ഒപ്പം തലൈവർ രജനികാന്തിനെയും ഒരേ വേദിയിൽ കാണാൻ ഉള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തു വരികയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. വരുന്ന ഓഗസ്റ്റ് മാസത്തിൽ ആണ് കാപ്പാൻ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾ സൂര്യയെ നായകനാക്കി ഒരുക്കിയ കെ വി ആനന്ദ് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമിഴിൽ ഒരുക്കിയ സംവിധായകൻ ആണ്. പ്രശസ്ത ക്യാമറാമാനും കൂടിയായ കെ വി ആനന്ദ് മോഹൻലാലിനൊപ്പം മലയാള ചിത്രത്തിൽ അടക്കം ജോലി ചെയ്തിട്ടുണ്ട്. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ തേന്മാവിൻ കൊമ്പത്തിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് കെ വി ആനന്ദ് ആയിരുന്നു.