ജി എസ് ടി , ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ കാര്യങ്ങളെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്നു പറഞ്ഞു മെർസൽ എന്ന വിജയ്- ആറ്റ്ലീ ചിത്രത്തിനെതിരെ ബി ജെ പി രംഗത്ത് വന്നതോടെ വലിയ വിവാദങ്ങൾ ആരംഭിച്ചിരിക്കുന്ന വിവരം നമ്മൾ എല്ലാവരും അറിഞ്ഞു കഴിഞ്ഞതാണ്. ഇപ്പോൾ ജനങ്ങൾക്കിടയിലും അതുപോലെ സിനിമ രംഗത്ത് നിന്നും രാഷ്ട്രീയ രംഗത്ത് നിന്നുമെല്ലാം വലിയ പിന്തുണയാണ് മെർസൽ ടീമിന് ഈ വിഷയത്തിൽ ലഭിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും എതിരെയുള്ള കടന്നു കയറ്റമായാണ് ബി ജെ പിയുടെ ഈ നടപടിയെ ഏവരും വിശേഷിപ്പിക്കുന്നത്. മാത്രമല്ല ഇതിനെതിരെ ഏവരും ശബ്ദം ഉയർത്തേണ്ട സമയം ആയി എന്നും പ്രതിഷേധം അറിയിക്കണമെന്നും പ്രമുഖർ അഭിപ്രായപ്പെട്ടു തുടങ്ങി.
ഉലക നായകൻ കമല ഹാസൻ, മക്കൾ സെൽവൻ വിജയ് സേതുപതി , കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സംവിധായകൻ പാ രഞ്ജിത് തുടങ്ങി ഒരുപാട് പേര് മെർസൽ ടീമിനെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ മെർസൽ ടീമിന് അഭിനന്ദനവും പിന്തുണയുമായി എത്തിയിരിക്കുന്നത് സാക്ഷാൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആണ്.
വളരെ പ്രാധാന്യമുള്ള ഒരു വിഷയം ആണ് മെർസലിലൂടെ അവർ പുറത്തു പറഞ്ഞിരിക്കുന്നത് എന്നും അത് ഏറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു എന്നും പറഞ്ഞാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചത്.
കഴിഞ്ഞ ദിവസം കമല ഹാസൻ മെർസൽ ടീമിനൊപ്പം ചിത്രം കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. മൂന്നു ദിവസം കൊണ്ട് 100 കോടി കളക്ഷൻ ലോകമെമ്പാടു നിന്നും മെർസൽ നേടി കഴിഞ്ഞു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലയ വിജയത്തിലേക്കാണ് മെർസൽ കുതിക്കുന്നത്.