സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രിയിൽ

Advertisement

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റിൽ എട്ടു പേർക്ക് കോവിഡ് ബാധിച്ചതിനാൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 22 ന് നടത്തിയ കോവിഡ് പരിശോധനയിൽ രജനീകാന്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും രക്തസമ്മര്‍ദത്തില്‍ നേരിയ വ്യതിയാനമുണ്ടാകുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനം ഒഴിച്ചാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും രക്തസമ്മർദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ.

ഡിസംബർ 12ന് തന്റെ പിറന്നാൾ ദിനത്തിലാണ് പ്രത്യേക വിമാനത്തിൽ രജനി ഹൈദരാബാദിലേക്ക് ഷൂട്ടിങ്ങിനായി തിരിച്ചത്. നായികയായി അഭിനയിക്കുന്ന നയന്‍താരയും രജനിയുടെ മകള്‍ ഐശ്വര്യ ധനുഷും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ലൊക്കേഷനിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. നാല്‍പത്തഞ്ച് ദിവസത്തേക്കായിരുന്നു റാമോജയിൽ ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ശിവയാണ് അണ്ണാതെ സംവിധാനം ചെയ്യുന്നത്. മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ സഹോദരി സഹോദര ബന്ധത്തിന്റെ കഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീതം നിര്‍വഹിക്കുന്നത് ഡി ഇമാന്‍ ആണ്. രജനി ആരാധകർക്ക് ആഘോഷിക്കാൻ കഴിയുന്ന ദൃശ്യവിരുന്നായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close