മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മധുര രാജ. വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ അധികരിച്ചു ഒരുക്കുന്ന ചിത്രമാണ് മധുര രാജ. ആദ്യ ഭാഗത്തിൽ ഒരു ഗുണ്ടാ വേഷത്തിൽ എത്തിയ രാജയുടെ രാഷ്ട്രീയ കളികൾ ആവും മധുര രാജയുടെ ഹൈലൈറ്റ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ സൂചിപ്പിക്കുന്നത്. നായകനായ മമ്മൂട്ടിയുടേയും വില്ലൻ വേഷം ചെയ്യുന്ന ജഗപതി ബാബുവിന്റെയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആണ് ലൊക്കേഷൻ സ്റ്റില്ലുകളിൽ കാണാൻ സാധിക്കുന്നത്.
തമിഴ് പാർട്ടിയുമായി രാജയും കേരളാ പാർട്ടിയുമായി നടേശൻ എന്ന പേരിൽ ജഗപതി ബാബുവും ആണ് എത്തുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിൽ തമിഴ് യുവ താരം ജയ് ഒരു പ്രധാന വേഷം ചെയ്യുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ് ആണ്. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള ഈ ചിത്രം വിഷു റിലീസ് ആയി ഏപ്രിൽ പന്ത്രണ്ടിന് എത്തും എന്നാണ് വിവരം. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ ആണ്. മേല്പറഞ്ഞവരെ കൂടാതെ വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ.