രണ്ട് ദിവസത്തിനുള്ളിൽ ആ പണം ഞാൻ അടക്കും; പിണറായി വിജയനോട് സഹായം അഭ്യർത്ഥിച്ച് രാഘവ ലോറൻസ്..!

Advertisement

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് കേരളത്തിന് ഉൾപ്പെടെ വലിയ തുക സഹായ ധനം നൽകി ഏറെ ശ്രദ്ധേയനായ തമിഴ് നടനും സംവിധായകനുമാണ് രാഘവ ലോറൻസ്. എപ്പോഴും ഒരുപാട് കാരുണ്യ പ്രവർത്തികൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന അദ്ദേഹം ഒരു മനുഷ്യനെന്ന നിലയിൽ തന്റെ സഹജീവികൾക്ക് വേണ്ടി സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ വളരെ പ്രശംസനീയമാണ്. തന്റെ പുതിയ സിനിമയായ ചന്ദ്രമുഖി 2 ന് ലഭിച്ച അഡ്വാൻസ് ആയ മൂന്ന് കോടി രൂപയും കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി മാറ്റി വെച്ച അദ്ദേഹം തന്റെ സുമനസ്സു ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് നടത്തിയ അഭ്യർത്ഥനയാണ്‌ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. തിരുവനന്തപുരം നിംസ് ഹോസ്പിറ്റലിൽ വെച്ചു മരിച്ച തമിഴ്നാട് മാധ്യമ പ്രവർത്തകൻ അശോകിന്റെ അമ്മയുടെ മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള അഭ്യർത്ഥനയാണത്.

റുമാറ്റോയിഡ് ആർത്രൈറ്റിസ് രോഗത്തിന് ചികിത്സയിലിരിക്കെയാണ് അശോകിന്റെ അമ്മ മരിച്ചത്. പോസ്റ്റുമോർട്ടം കഴിഞ്ഞു മൃതദേഹം കന്യാകുമാരി ജില്ലയിലെ സുചീന്ദ്രം എന്ന സ്ഥലത്തേക്കാണ് അന്തിമ കർമ്മങ്ങൾ ചെയ്യാൻ കൊണ്ടു പോകേണ്ടത്. എന്നാൽ പണമടക്കാത്തത് കാരണം മൃതദേഹം ഹോസ്പിറ്റലിൽ നിന്നു വിട്ടു നൽകാത്ത സാഹചര്യത്തിലാണ് രാഘവ ലോറൻസിന്റെ സഹായ അഭ്യർത്ഥന. പണം രണ്ടു ദിവസത്തിനുള്ളിൽ താൻ അടച്ചോളാം എന്നാണ് രാഘവ ലോറൻസ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നേടിയ വിജയത്തിൽ അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചിട്ടുമുണ്ട്. ഒന്നര ലക്ഷം രൂപയാണ് തിരുവനന്തപുരം നിംസ് ഹോസ്പിറ്റലിൽ അടക്കാൻ ഉള്ളത്. എത്രയും വേഗം അന്തിമ കര്മങ്ങൾക്കായി മൃതദേഹം വിട്ടു നൽകണമെന്നാണ് ലോറൻസ് അപേക്ഷിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close