മോഹൻലാൽ- ശോഭന- ഫാസിൽ കൂട്ടുകെട്ട് നമ്മുക്ക് 1993 ഇൽ സമ്മാനിച്ച ക്ലാസ്സിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രം പിന്നീട് കുറെയേറെ ഇന്ത്യൻ ഭാഷകളിലേക്കും റീമേക് ചെയ്യപ്പെട്ടു. അതിലൊന്നായിരുന്നു തമിഴിൽ പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി. സൂപ്പർസ്റ്റാർ രജനികാന്ത്, നയൻ താര, ജ്യോതിക എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രം വമ്പൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ആ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് പി വാസു. രജനികാന്തിന്റെ അനുവാദത്തോടെയും അനുഗ്രഹത്തോടെയും ഒരുങ്ങുന്ന ഈ രണ്ടാം ഭാഗത്തിൽ താൻ അഭിനയിക്കാൻ പോവുകയാണെന്ന് സംവിധായകനും നടനുമായ രാഘവ ലോറൻസ് അറിയിച്ചു. എന്നാൽ എല്ലാവരുടെയും ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് അഡ്വാൻസ് ആയി ലഭിച്ച മൂന്ന് കോടി രൂപ രാഘവ ലോറൻസ് ചെലവഴിച്ച രീതിയാണ്. തനിക്കു ലഭിച്ച മുഴുവൻ തുകയും അദ്ദേഹം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിലേക്കാണ് നൽകിയത്.
അമ്പതു ലക്ഷം രൂപ പ്രധാന മന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ രാഘവ ലോറൻസ് അമ്പതു ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും നൽകി. തമിഴ് സിനിമയിലെ ദിവസ വേതനക്കാർക്കു നൽകാനുള്ള ഫെഫ്സിയുടെ ഫണ്ടിലേക്ക് അമ്പതു ലക്ഷം നൽകിയപ്പോൾ ഡാൻസർ യൂണിയനും അദ്ദേഹം അമ്പതു ലക്ഷം തന്നെ നൽകി. വയ്യാത്ത കുട്ടികൾക്ക് വേണ്ടി 25 ലക്ഷം മാറ്റി വെച്ച അദ്ദേഹം താൻ ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വേണ്ടി മാറ്റി വെച്ചത് 75 ലക്ഷമാണ്. ഇപ്പോൾ ഹിന്ദിയിൽ അക്ഷയ് കുമാർ നായകനായ ലക്ഷ്മി ബോംബ് എന്ന ചിത്രമൊരുക്കുകയാണ് രാഘവ ലോറൻസ്