മെഗാ ബജറ്റ് ചിത്രങ്ങളുടെ ഒടിടി റിലീസ് തീയേറ്റർ വ്യവസായത്തെ നയിക്കുന്നത് പ്രതിസന്ധിയിലേക്കോ ; പ്രമുഖ തീയേറ്റർ ഉടമയുടെ മറുപടി ഇങ്ങനെ..!

Advertisement

കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് സിനിമാ മേഖല. അതിൽ തന്നെ തീയേറ്റർ വ്യവസായം എന്നത് തകർന്ന നിലയിലാണ് ഇപ്പോൾ. കോവിഡ് ഒന്നാം തരംഗ സമയത്തും രണ്ടാംതരംഗ സമയത്തും ആദ്യം അടച്ചിട്ടതും ഏറ്റവും അവസാനം തുറന്നതും തീയേറ്ററുകൾ ആണ്. അതോടൊപ്പം തന്നെ കാണികളെ പ്രവേശിപ്പിക്കുന്നതിനു ഉള്ള നിബന്ധനകളും കൂടിയായപ്പോൾ തീയറ്ററുകൾ വലിയ പ്രതിസന്ധിയിലേക്ക് വന്നെത്തി. തീയേറ്ററുകൾ തുറക്കാൻ വീണ്ടും വൈകിയതോടെ മലയാളത്തിലെ മെഗാ ബഡ്ജറ്റ് ചിത്രങ്ങളടക്കം ഡയറക്റ്റ് ഒടിടി റിലീസ് ആയി തീരുമാനിക്കുകയും ചെയ്തു. മാലിക്, മിന്നൽ മുരളി തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒടിടി റിലീസ് ആയി തീരുമാനിച്ചു. ഒക്ടോബർ 25 മുതൽ കേരളത്തിൽ തീയേറ്ററുകൾ തുറക്കുമെങ്കിലും, അമ്പതു ശതമാനം കാണികൾ എന്ന നിബന്ധനയും അതുപോലെ രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു മാത്രം പ്രവേശനം എന്ന നിബന്ധനയും മൂലം കൂടുതൽ വലിയ ചിത്രങ്ങൾ തീയേറ്റർ റിലീസ് ഒഴിവാക്കി ഒടിടി റിലീസിന് പോകുന്ന സാഹചര്യമാണ് ഉള്ളത്. വമ്പൻ ചിത്രങ്ങളുടെ ഈ ഡയറക്റ്റ് ഒടിടി റിലീസ് തീയേറ്ററുകളെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമോ എന്നതിന് മറുപടി പറയുകയാണ് പ്രശസ്ത നിർമ്മാതാവും അതുപോലെ തൃശൂർ രാഗം തീയേറ്റർ ഉടമയുമായ എ കെ സുനിൽ.

ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ നമ്മളെ അംഗീകരിക്കണം എന്നും ഒടിടി പ്ലാറ്റ്‌ഫോമുകൾ തീയേറ്റർ അനുഭവത്തിനു ഒരിക്കലും പകരമാവില്ല എന്നും സുനിൽ പറയുന്നു. എത്ര ഒടിടി പ്ലാറ്റ്‌ഫോമുകൾ വന്നാലും തീയേറ്റർ അനുഭവം ആഗ്രഹിക്കുന്ന കാണികൾ തീയേറ്ററിൽ തന്നെ വരുമെന്നും തീയേറ്റർ അനുഭവം പകർന്നു നൽകുന്ന ആവേശവും സന്തോഷവും ഒരിക്കലും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കു നൽകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇതുവരെ ഒരു നടനെയോ നടിയെയോ സംവിധായകനെയോ ഉണ്ടാക്കിയിട്ടില്ല എന്നും അതൊക്കെ തീയേറ്ററുകൾ ആണ് ഉണ്ടാക്കുന്നതെന്നും സുനിൽ കൂട്ടിച്ചേർക്കുന്നു. ഒട്ടേറെ ചിത്രങ്ങൾ റിലീസ് കാത്തു കിടക്കുന്നുണ്ട് എന്നും അതുപോലെ ഒട്ടേറെ ചിത്രങ്ങൾ ഇപ്പോൾ നിർമ്മിച്ച് കൊണ്ടുമിരിക്കുകയാണെന്നും സുനിൽ പറയുന്നു. അത്കൊണ്ട് തന്നെ അതിൽ കുറെ ചിത്രങ്ങൾ ഒടിടി റിലീസ് ആയാലും അതിലേറെ ചിത്രങ്ങൾ തീയേറ്റർ തുറക്കാൻ കാത്തു ഇരിക്കുന്നത് കൊണ്ട് തന്നെ തീയേറ്റർ വ്യവസായത്തിന് തളർച്ച സംഭവിക്കില്ല എന്ന് തന്നെയാണ് സുനിൽ വിശ്വസിക്കുന്നത്.

Advertisement

വലിയ ചിത്രങ്ങൾ ഹോൾഡ് ചെയ്തു വക്കാൻ നിർമ്മാതാക്കൾക്ക് പലപ്പോഴും സാധിക്കാത്തതു കൊണ്ടാണ് അവർ ഒടിടി നോക്കുന്നത് എന്നും അതിനു അവരെ കുറ്റം പറയാൻ സാധിക്കില്ല എന്നും സുനിൽ പറഞ്ഞു. അവർ ആ ചിത്രങ്ങൾ ഒടിടിക്കു വിൽക്കുന്നതിൽ അവരുടേതായ കാരണങ്ങൾ ഉണ്ടാകുമെന്നും അതിനെ ചോദ്യം ചെയ്യാൻ നമ്മുക്ക് അവകാശമില്ല എന്നും അദ്ദേഹം പറയുന്നു. ആ തീരുമാനം അവർക്കു തന്നെ വിടുകയാണ് നല്ലതെന്നും, ഒരു ചിത്രം ഒടിടി പോയാൽ അതിനു പകരം മറ്റൊരു ചിത്രം തീയേറ്ററിൽ വരും എന്നത് കൊണ്ട് തന്നെ ഒടിടിയെ കുറിച്ചും തീയേറ്റർ വ്യവസായം നിലനിൽക്കുന്നതിനെ കുറിച്ചും ആശങ്കയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close