പുതുമുഖങ്ങളെ അണി നിരത്തി, പുതുമുഖങ്ങൾ ഒരുക്കിയ മലയാള ചിത്രമാണ് ക്വീൻ. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി കൊണ്ട് ബോക്സ് ഓഫീസിൽ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത്. യുവാക്കളും വിദ്യാർത്ഥികളും ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ക്യാമ്പസ് ത്രില്ലർ ചിത്രം ഇപ്പോൾ കുടുംബങ്ങളും ഏറ്റെടുത്തു തുടങ്ങി എന്ന് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു. വമ്പൻ ചിത്രങ്ങളോട് മത്സരിച്ചു നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം നേടുന്ന വിജയം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് നമ്മുക്ക് പറയാം. മാത്രമല്ല താര സാന്നിധ്യം ഇല്ലാത്ത ഈ കൊച്ചു ചിത്രം നേടുന്ന വലിയ വിജയം മലയാള സിനിമയിലെ ഒരു വലിയ മാറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ചിത്രങ്ങൾ നല്ലതാണെങ്കിൽ അത് കാണാൻ തിയേറ്ററിൽ ആളുകൾ ഉണ്ടാകുമെന്നാണ് ഈ വിജയം നൽകുന്ന ശുഭ സൂചന.
പുതുമുഖങ്ങളെ അണി നിരത്തി ഒരുക്കി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ക്യാമ്പസ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ ആണ് ഇപ്പോൾ ക്വീൻ എന്ന ഈ ചിത്രത്തിന്റെ സ്ഥാനം എന്ന് പറയാം. ഇതിനു മുൻപ് അങ്ങനെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രവും അതുപോലെ ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രവുമാണ്. 2002 ഇൽ പുറത്തു വന്ന നമ്മളിലൂടെ ആണ് ജിഷ്ണു രാഘവൻ, സിദ്ധാർഥ് ഭരതൻ എന്നിവർ അരങ്ങേറ്റം നടത്തിയത്. പക്ഷെ കമൽ എന്ന പരിചയ സമ്പന്നൻ ആയ സംവിധായകന്റെ പേര് ആ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. 2016 ഇൽ ആണ് ആനന്ദം റിലീസ് ആയതു. ഗണേഷ് രാജ് എന്ന സംവിധായകനും താരങ്ങളും പുതുമുഖങ്ങൾ ആയിരുന്നെങ്കിലും വിനീത് ശ്രീനിവാസൻ എന്ന നിർമ്മാതാവിന്റെ പേര് ആ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. അവിടെയാണ് അങ്ങനെ പ്രശസ്തമായ ഒരു പേരുകളും കൂടെയില്ലാതെ വന്ന ക്വീൻ നേടുന്ന വിജയം ചരിത്രമാകുന്നത്. അതുകൊണ്ടു തന്നെ പുതുമുഖങ്ങളുമായി വന്നു വിജയം നേടിയ ക്യാമ്പസ് ചിത്രങ്ങളുടെ പട്ടികയിൽ ക്വീൻ ഒന്നാം സ്ഥാനത്തു തന്നെയാണ് എന്ന് നിസംശയം പറയാം നമ്മുക്ക്.