ഐഎംഡിബിയിലും ബുക്ക് മൈ ഷോയിലും ഗംഭീര റേറ്റിങ്; മനസ്സുകൾ കീഴടക്കി പ്യാലി

Advertisement

ഇപ്പോൾ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത പ്യാലി. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. കുട്ടികളും കുടുംബങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന് ഏവരും ഒരേ മനസ്സോടെ പറയുന്ന ഈ ചിത്രം, കുട്ടികളെ വലിയ രീതിയിൽ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു, ഐഎംഡിബിയിലും ബുക്ക് മൈ ഷോയിലും മികച്ച റേറ്റിംഗ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 9.6 ആണ് ഐഎംഡിബിയിൽ ഈ ചിത്രത്തിന് ലഭിച്ച റേറ്റിംഗ് എങ്കിൽ, ബുക്ക് മൈ ഷോയിൽ അത് 97 % ആണ്. വലിയ രീതിയിൽ പ്രേക്ഷക പിന്തുണ ലഭിക്കുന്ന ചിത്രങ്ങൾക്ക് മാത്രമേ ഇത്രയും മികച്ച റേറ്റിംഗ് ഇതിൽ നിന്നും ലഭിക്കാറുള്ളു. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചു, സംവിധാനം ചെയ്തത് നവാഗതരായ ബബിതയും റിനുവുമാണ്.

ബാലതാരം ബാർബി ടൈറ്റിൽ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം തെരുവിലെ സഹോദര സ്‌നേഹത്തിന്റെ കഥയാണ് പറയുന്നത്. പ്യാലി, സിയാ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന കുട്ടികളുടെ ഗംഭീര പ്രകടനവും ഈ ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നുണ്ട്. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ജിജു സണ്ണിയും എഡിറ്റ് ചെയ്തത് ദീപു ജോസഫുമാണ്. സഹോദരീ, സഹോദര ബന്ധം ഭംഗിയായി കാണിച്ചു തരുന്ന ഈ ചിത്രം, പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close