കുട്ടികളുടെ കഥ പറയുന്ന, കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായ പ്യാലി എന്ന ചിത്രം ഇന്ന് റിലീസാകുന്നതും കാത്തിരിക്കുകയായിരുന്നു കുട്ടി പ്രേക്ഷകർ. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസിന്റെയും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സിന്റെയും ബാനറിൽ, ദുൽഖർ സൽമാനും സോഫിയ വർഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് നവാഗതരായ ബബിതയും റിനുവുമാണ്. ബാലതാരം ബാർബി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ ഒരു പ്യാലി ആർട്ട് മത്സരം നടത്തിയിരുന്നു. കേരളത്തിലെ പതിനാല് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഈ മത്സരത്തില്‍ പങ്കാളികളായത്.
ഇതിൽ വിജയികളായ കുട്ടികൾക്ക് പ്യാലി തീയറ്ററില്‍ കാണുന്നതിനുള്ള ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നൽകി. സഹോദര സ്‌നേഹത്തിന്റെ ആഴവും വ്യാപ്തിയും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ പോകുന്ന ഈ ചിത്രം, അഞ്ചു വയസുകാരി പ്യാലിയുടേയും അവളുടെ സഹോദരന്‍ സിയയുടേയും കഥയാണ് നമ്മളോട് പറയുക. കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പ്യാലി. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ജിജു സണ്ണിയാണ്. ദീപു ജോസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.