പുഷ്പ രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; സംഘട്ടന രം​ഗങ്ങൾ ഉൾപ്പെടുന്ന ആദ്യ ഷെഡ്യൂൾ ബാങ്കോക്കിൽ

Advertisement

തിയറ്ററുകളിൽ കോളിളക്കം തീർത്ത ചിത്രമാണ് അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ: ദി റൈസ്’. അല്ലു അർജുൻ ആരാധകരേയും സിനിമാ പ്രേമികളെയും ഒരുപോലെ സ്വാധീനിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. രണ്ടാം ഭാ​ഗത്തിന്റെ ആദ്യ ഷെഡ്യൂൾ നവംബർ 13 ന് ആരംഭിക്കും എന്നാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകൾ പറയുന്നത്. ബാങ്കോക്കാണ് ‘പുഷ്പ: ദി റൂൾ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാ​ഗത്തിന്റെ പ്രധാന ലൊക്കേഷൻ. 15 ദിവസം നീണ്ട് നിൽക്കുന്ന ബാങ്കോക്ക് ഷെഡ്യൂളിൽ ​സംഘട്ടന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും വാർത്തകൾ പറയുന്നു. അല്ലു അർജുൻ ഈ മാസം 13 ന് തന്നെ ബാങ്കോക്കിലേക്ക് തിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

Advertisement

സുകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ‘പുഷ്പ: ദി റൈസ്’ൽ രശ്മിക മന്ദാനയാണ് നായികയായെത്തിയത്. 2021 ഡിസംബർ 17 ന് പുറത്തിറങ്ങിയ ചിത്രം മുട്ടംസെട്ടി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മിച്ചത്. ഫഹദ് ഫാസിൽ വില്ലനായെത്തിയ ചിത്രത്തിൽ ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ, റാവു രമേഷ്, ധനഞ്ജയ, അനസൂയ ഭരദ്വാജ്, അജയ്, അജയ് ഘോഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ഈ ചിത്രം റിലീസ് ചെയ്തത്. പുഷ്പ രാജ് എന്ന പേരിൽ അല്ലു എത്തിയ ചിത്രത്തിന് 3 ഭാ​ഗങ്ങൾ ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്ലുവും രശ്മികയും ഫഹദും ആദ്യമായി ഒന്നിച്ച ചിത്രം ആഗോളതലത്തിൽ വൻ കളക്ഷനാണ് നേടിയത്. രണ്ടാം ഭാ​ഗം വാണിജ്യപരമായി ആദ്യ ഭാ​ഗത്തെ കടത്തിവെട്ടുമെന്ന പ്രതീക്ഷയിലാണ് അല്ലു ആരാധകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close