മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിൽ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘യാത്ര’. വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹി രാഘവാണ്. അംബേദ്കർ എന്ന ചിത്രത്തിന് ശേഷം 18 വർഷങ്ങൾ എടുത്താണ് മമ്മൂട്ടി വീണ്ടും ഒരു ബയോപ്പിക്കിൽ പ്രത്യക്ഷപ്പെടുന്നത്. തെലുഗ് സിനിമയിൽ 26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായിയെത്തുന്നത്. ‘യാത്ര’യുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ താരത്തിന് വൻ സ്വീകരണമാണ് അണിയറ പ്രവർത്തകർ ഒരുക്കിയത്. മമ്മൂട്ടിയുടെ മകളായി ഭൂമികയാണ് വേഷമിടുന്നത്. 70 എം. എം എന്റർടൈന്മെന്റ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡ്‌ഡിയുമാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ് റോളുകളിൽ ഒന്നായിരിക്കുമെന്നും ‘യാത്ര’ യിലെ രാജശേഖർ റെഡ്‌ഡിയെന്ന് സംവിധായകൻ മഹി രാഘവ് അടുത്തിടെ പറയുകയുണ്ടായി. മമ്മൂട്ടി തന്നെയായിരിക്കും വൈ. എസ് രാജശേഖർ റെഡ്‌ഡിക്ക് ശബ്ദം നൽകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുലിമുരുകൻ സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ വില്ലൻ കഥാപാത്രമായിരുന്നു ജഗപതി ബാബുവിന്റെ ‘ഡാഡി ഗിരിജ’. പ്രതിനായകനായി വിസ്മയിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ അടുത്ത മലയാള ചിത്രം പ്രണവ് മോഹൻലാലിന്റെ ‘ആദി’ യായിരുന്നു.
മലയാളികൾക്ക് ഇപ്പോൾ ഏറെ സുപരിച്ചതനായ താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ അച്ഛനായി വേഷമിടാൻ ഒരുങ്ങുകയാണ്. ‘യാത്ര’ സിനിമയിൽ വൈ. എസ് രാജശേഖരൻ റെഡ്‌ഡിയുടെ അച്ഛനായി ജഗപതി ബാബുവാണ് പ്രത്യക്ഷപ്പെടുക എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാം ചരൻ നായകനായിയെത്തിയ ‘രംഗസ്ഥലം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് കുറെയേറെ പ്രശംസകൾ ജഗപതി ബാബുവിനെ തേടിയെത്തി. മമ്മൂട്ടിയുടെ നായികയായി നയൻതാരയാണ് വേഷമിടുന്നതെന്നും സൂചനയുണ്ട്. വളരെ രഹസ്യമായാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്, ആയതിനാൽ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചു ഔദ്യോഗിക സ്ഥിതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഹൈദരബാദിൽ ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.