ആ ചിത്രം പരാജയമായിരുന്നെങ്കിലും അതിനെക്കുറിച്ചോർത്തു ഇപ്പോഴും അഭിമാനം; അത് സംവിധാനം ചെയ്യാനും ആഗ്രഹിച്ചു; വെളിപ്പെടുത്തി പൃഥ്വിരാജ്..

Advertisement

മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് തന്റെ പുതിയ ചിത്രമായ കോൾഡ് കേസിന്റെ റിലീസ് കാത്തിരിക്കുകയാണ്. വരുന്ന മുപ്പതാം തീയതി ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തനു ബാലക് ആണ്. ഇപ്പോഴിതാ അതിന്റെ ഓൺലൈൻ  പ്രചാരണത്തിന്റെ ഭാഗമായി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ ഒരു പരാജയ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടുകയാണ്. ന്യൂ ഏജ് ഫിലിംസ് എന്ന ടെർമിനോളജി മാത്രമാണ് പുതിയത് എന്നും അത്തരം ചിത്രങ്ങൾ ആ വിശേഷണം വരുന്നതിനു മുന്പും മലയാളത്തിൽ സംഭവിച്ചിട്ടുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. അതിനു ഉദാഹരണമായി അദ്ദേഹം പറയുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രമാണ്. പൃഥ്വിരാജ് അഭിനയിച്ച ആ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയം ആയിരുന്നു. ബോക്‌സോഫീസിൽ ചിത്രം പരാജയമായിരുന്നു എങ്കിലും  ആ സിനിമയെക്കുറിച്ച് തനിക്കു  അഭിമാനമാണുള്ളത് എന്ന് അദ്ദേഹം പറയുന്നു.

ആ സിനിമ സംവിധാനം ചെയ്യാമെന്നു വിചാരിച്ചിരുന്നു എങ്കിലും, ആ സമയത്തു രാവണനിലേക്ക് മണി രത്നത്തിന്റെ കാൾ വന്നത് കൊണ്ട് സംവിധാന മോഹം അന്ന് ഉപേക്ഷിക്കേണ്ടി വന്നുവെന്നു പൃഥ്വിരാജ് ഓർത്തെടുക്കുന്നു. പക്ഷെ, താനൊക്കെ മനസ്സിൽ കണ്ടതിലും ഏറെ മുകളിൽ ആണ് ലിജോ ആ ചിത്രം ഒരുക്കിയതെന്നു പൃഥ്വിരാജ് പറഞ്ഞു. പുതിയ രീതിയിലുള്ള ഫിലിം മേക്കിങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ മലയാള ചിത്രമാണത് എന്നും അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിങ് എന്നും പൃഥ്വിരാജ് പറയുന്നു. മലയാളത്തിലെ സീനിയർ സംവിധായകൻ കെ ജി ജോർജ് ഒരു ന്യൂ ജെൻ ഫിലിംമേക്കറാണെന്ന് താൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞ പൃഥ്വിരാജ്, തന്റെ കരിയറിൽ ആദ്യ കാലത്തു സംഭവിച്ച വർഗം പോലുള്ള ചിത്രങ്ങളും ന്യൂ ജെൻ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണെന്നും വിശദീകരിച്ചു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close