നടക്കാനിരിക്കുന്ന ദേശീയ അവാർഡ് വിതരണമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നയങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ഇത്തവണ മുതൽ സ്വീകരിച്ച പുതിയ നിലപാടാണ് വിവാദങ്ങൾക്കെല്ലാം കാരണമായത്. അവാർഡുകളിൽ സുപ്രധാനമായ 11 എണ്ണം മാത്രം രാഷ്ട്രപതി വിതരണം ചെയ്യുകയുള്ളൂ എന്നാണ് പുറത്തുവന്ന പുതിയ വിജ്ഞാപനം സൂചിപ്പിക്കുന്നത്. മറ്റുള്ള അവാർഡുകൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയായിരിക്കും വിതരണം ചെയ്യുക എന്നാണ് പുതിയ അറിയിപ്പ്. എന്നാൽ രാഷ്ട്രപതിയിൽ നിന്നും അവാർഡ് പതിയെ കേന്ദ്ര മന്ത്രിയിലേക്ക് നീങ്ങുന്നതിൽ ഉള്ള അതൃപ്തി ശക്തമായി അറിയിക്കുകയാണ് അവാർഡ് ജേതാക്കൾ. ഇത്രയുംകാലം തുടർന്ന് വന്നതുപോലെ തന്നെ അവാർഡ് രാഷ്ട്രപതി തന്നെ നൽകണമെന്നാണ് അവാർഡ് ജേതാക്കളുടെ ആവശ്യം.
രാവിലെ മുതൽ അവാർഡ് ചടങ്ങുകൾക്കായി ഡൽഹിയിലെത്തിയ സിനിമാതാരങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. തങ്ങളുടെ പ്രതിഷേധക്കുറിപ്പ് ഇവർ ഒപ്പിട്ട് കേന്ദ്രത്തിന് കൈമാറി. വിയോജിപ്പിൽ ആദ്യം പിന്തുണ അറിയിക്കാൻ യേശുദാസ് വിസമ്മതിച്ചെങ്കിലും പിന്നീട് അനുനയ ശ്രമത്തിലൂടെ അദ്ദേഹവും തയ്യാറാവുകയായിരുന്നു എന്നാണ് വരുന്ന വാർത്ത. മികച്ച സഹനടനായി തിരഞ്ഞെടുത്ത ഫഹദ് ഫാസിൽ, സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ച പാർവ്വതി മേനോൻ തുടങ്ങിയവർ പ്രതിഷേധത്തിൽ നിന്നും വിട്ടു നിൽക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. എ. ആർ. റഹ്മാൻ ഉൾപ്പെടെയുള്ള മറ്റ് അവാർഡ് ജേതാക്കൾ ചടങ്ങിനായി ഹോട്ടലിൽ എത്തിയാൽ ഉടൻ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തും എന്നാണ് അറിയാൻ കഴിയുന്നത്.