തമിഴകത്തിലെ ഏറ്റവും വലിയ താരമൂല്യം ഉള്ള, ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇന്ന് തമിഴിൽ ഏറ്റവും വലിയ ബിസിനസ്സ് നടത്തുന്നതും ദളപതി വിജയ് നായകനായ ചിത്രങ്ങളാണ്. എന്നാൽ താരമൂല്യത്തിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴും തന്റെ വിനയം നിറഞ്ഞ പെരുമാറ്റം കൊണ്ടും മറ്റുള്ളവർക്ക് നൽകുന്ന പരിഗണന കൊണ്ടും എല്ലാവരുടേയും പ്രിയങ്കരനാണ് ഈ താരം. ഇപ്പോഴിതാ തന്റെ ഒരു ചിത്രത്തിലെ ഗാന രംഗം പൂർത്തിയാക്കാൻ നിർമ്മാതാവിന്റെ പക്കൽ പണം തികയാതെ വന്നപ്പോൾ, തന്റെ കയ്യിൽ നിന്ന് പണം നൽകി വിജയ് സഹായിച്ച വാർത്തയാണ് പുറത്തു വരുന്നത്. വർഷങ്ങൾക്കു മുൻപ് പുറത്തു വന്ന തുപ്പാക്കി എന്ന ചിത്രത്തിന്റെ നിർമ്മാതാവായ കലൈപുലി എസ് താണുവിനാണ് വിജയ് പണം നൽകി സഹായിച്ചത്. ഈ കാര്യം തുറന്നു പറഞ്ഞതും നിർമ്മാതാവ് തന്നെയാണ്.
ആ ചിത്രത്തിലെ അവസാന ഗാനമായ വെണ്ണിലവേ ചിത്രീകരിക്കാൻ ഒരു കോടി നാൽപ്പത്തിയഞ്ച് ലക്ഷം രൂപയായിരുന്നു ചെലവ്. എന്നാൽ ആ സമയം നിർമ്മാതാവിന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് എൺപതു ലക്ഷം മാത്രം. ആദ്യം ഈ പ്രശ്നം സംവിധായകനുമായാണ് നിർമ്മാതാവ് ചർച്ച ചെയ്തത്. പക്ഷെ എങ്ങനെയോ വിഷയം അറിഞ്ഞ വിജയ്, തന്റെ സഹായി റാമിന്റെ കൈവശം അറുപത്തിയഞ്ച് ലക്ഷം രൂപ നിർമ്മാതാവിന് നല്കാൻ കൊടുത്തു വിടുകയായിരുന്നു. പക്ഷെ നിർമ്മാതാവ് ആ പണം സ്വീകരിച്ചില്ല. താൻ അധിക ചെലവിനെ കുറിച്ചാണ് ചിന്തിച്ചതെന്നും പണം ആവശ്യമില്ലെന്നും താണു വിജയ്‌യുടെ സഹായിയെ അറിയിച്ചു. പക്ഷെ നിർമ്മാതാവിനെ സഹായിക്കാൻ വിജയ് കാണിച്ച ആ മനസ്സിനെയാണ് താണു അഭിനന്ദിക്കുന്നതു. ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു എ ആർ മുരുഗദോസ് സംവിധാനം ചെയ്ത തുപ്പാക്കി.