മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ നിർമ്മാതാവാണ് ജോബി ജോർജ്. മലയാള സിനിമക്ക് ഒരുപിടി നല്ല ചിത്രങ്ങൾ അദ്ദേഹത്തിന് സമ്മാനിക്കാൻ സാധിച്ചു. ‘കസബ’ എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന ജോബി ജോർജ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്നത് ‘അബ്രഹാമിന്റെ സന്തതികൾ’ക്ക് വേണ്ടിയായിരുന്നു. മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും ഏറെ ഇഷ്ടപ്പെടുന്ന ഒരു നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ വർഷത്തെ ആദ്യത്തെ ചിത്രം കൂടിയാണിത്.
മമ്മൂട്ടി ചിത്രം നിറഞ്ഞ സദസ്സിലാണ് കേരളത്തിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നത്. കാറ്റോ, പേമാരിയോ എന്തുമാകട്ടെ അബ്രഹാമിന്റെ സന്തതികൾ ഇവിടെ കാണും കുറച്ചുനാൾ എന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. 135 തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും വലിയ തോതിൽ സ്ക്രീൻ വർദ്ധനവും ഉണ്ടായിരുന്നു. മൂന്ന് വാരങ്ങൾ കുറെയേറെ ഹൗസ് ഫുൾ ഷോസും എക്സ്ട്രാ ഷോസ് കളിച്ചും ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ റിലീസുകൾ കേരളത്തിൽ ഇന്നലെ ഉണ്ടായിരുന്നെങ്കിൽ, നാലാം വാരത്തിലേക്ക് കടക്കുമ്പോൾ 116 തീയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. നിർമ്മാതാവ് എന്ന നിലയിൽ ജോബി ജോര്ജും ഏറെ സന്തോഷത്തിലാണ്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മുടക്ക്മുതലുള്ള ചിത്രവും ഏറ്റവും ലാഭം കൊയ്ത ചിത്രവും അബ്രഹാമിന്റെ സന്തതികളാണ്.
അടുത്ത വാരം റിലീസിനായി ഒരുങ്ങുന്ന രണ്ട് ചിത്രങ്ങൾ മമ്മൂട്ടി ചിത്രത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമ പ്രേമികൾ. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമായ ‘നീരാളി’ ജൂലൈ 13നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ ജൂലൈ 14നാണ് കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്.