![](https://i0.wp.com/onlookersmedia.com/wp-content/uploads/2025/01/Producer-Job-George.jpg?fit=1024%2C592&ssl=1)
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു.
മമ്മൂട്ടി രാജൻ സക്കറിയ എന്ന പോലീസ് വേഷത്തിലെത്തിയ ഈ ചിത്രം ശ്രദ്ധ നേടിയത് ചില വിവാദങ്ങളിലൂടെയായിരുന്നു. ഈ സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടി കാണിച്ച് ഗീതു മോഹൻദാസും പാർവതിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഏതായാലും കഴിഞ്ഞ ദിവസം, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രമായ ടോക്സികിന്റെ വീഡിയോ പുറത്തു വന്നതോടെ കസബ വീണ്ടും ചർച്ചാവിഷയം ആവുകയും, അതോടൊപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നൽകി നിർമ്മാതാവ് ജോബ് ജോർജ് ഫേസ്ബുക് പോസ്റ്റ് ഇടുകയും ചെയ്തു.
തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില് വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്ന നിതിൻ രഞ്ജി പണിക്കരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് പുതിയ വിവാദങ്ങൾക്ക് വഴി വെച്ചത്. നിതിൻ കുറിച്ച വാക്കുകൾ ഇങ്ങനെ, “സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആൺമുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്കാരം… ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി.. ???”.
എന്തായാലും രാജൻ സക്കറിയ ഒരു വരവ് കൂടി വരും എന്ന ജോബി ജോർജിന്റെ വാക്കുകൾ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. നിതിൻ രൺജി പണിക്കർ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത കസബയിൽ നേഹ സക്സേന, സമ്പത്, വരക്ഷ്മി ശരത്കുമാർ, ജഗദിഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നിതിന്റെ ആദ്യ ചിത്രമായിരുന്നു കസബ.