മലയാള സിനിമയുടെ നിർമ്മാണ മേഖലയിൽ സജീവ സാന്നിധ്യമായ നിർമ്മാതാവാണ് ജി സുരേഷ് കുമാർ. 80- 90 കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളടക്കം നിർമ്മിച്ച അദ്ദേഹം ഇന്നും മലയാള സിനിമയിൽ നിറസാന്നിധ്യമായി നിലകൊള്ളുന്നു. മാറിയ മലയാള സിനിമയുടെ നിർമ്മാണ ചെലവുകളെക്കുറിച്ചും സൂപ്പർതാരങ്ങൾ അടക്കമുള്ളവരുടെ ഭീമമായ പ്രതിഫലത്തെക്കുറിച്ചും സുരേഷ് കുമാർ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. അതിൽ അദ്ദേഹത്തിന്റെ ചില വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരിക്കുകയാണ്. 2008 നു ശേഷം മലയാള സിനിമയുടെ നിർമാണച്ചെലവ് വളരെയധികം കൂടിയിട്ടുണ്ടെന്നും പഴയ സിനിമയും പുതിയ സിനിമയുമായുള്ള വ്യത്യാസം അതിന്റെ മുടക്കുമുതലിലാണെന്നും സുരേഷ്കുമാർ പറയുന്നു. 1983- ൽ താൻ നിർമ്മിച്ച കൂലി എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ നിർമ്മാണചെലവിനെക്കുറിച്ചും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മമ്മൂട്ടി, രതീഷ്, ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ ചിലവ് അഞ്ചു ലക്ഷത്തി തൊണ്ണൂറ്റാറായിരം രൂപ ആയിരുന്നു. ഇന്ന് കോടികൾ പ്രതിഫലം പറ്റുന്ന മമ്മൂട്ടി അന്ന് ആ ചിത്രത്തിൽ പ്രതിഫലമായി കൈപ്പറ്റിയത് പതിനായിരം രൂപ ആയിരുന്നുവെന്ന് സുരേഷ് കുമാർ തുറന്നു പറയുന്നു. എന്നാൽ ഇന്ന് 15 കോടിയും 20 കോടിയും ഒക്കെയായി മലയാള സിനിമയുടെ കോസ്റ്റ് മാറിയിരിക്കുന്നു. 12 പ്രിന്റ് അടക്കമാണ് താൻ നിർമ്മിച്ച ആ ചിത്രത്തിന് ഇത്രയും ചെറിയ തുക ബഡ്ജറ്റ് ആയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ രീതി ഏറ്റവും കൂടുതൽ മോശമായി ബാധിക്കുന്നത് നിർമാതാവിനെയാണെന്ന് സുരേഷ് കുമാർ അഭിപ്രായപ്പെടുന്നു.
താരങ്ങൾക്കും സംവിധായകർക്കും പുറമെ തിരക്കഥാകൃത്തുക്കളും പ്രതിഫലത്തുക ഉയർത്തിയിരിക്കുന്നു, അതുകൊണ്ടുതന്നെ ചിത്രത്തിന്റെ നിർമ്മാതാവിന് ഒന്നും തന്നെ ലഭിക്കുന്നില്ലാത്ത നിലയിലേക്ക് മലയാള സിനിമയുടെ രീതികൾ മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫോട്ടോ കടപ്പാട്: NEK Photos