![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/producer-did-not-want-mohanlal-ivide-thudangunnu-poster-but-designers-plan-made-history-at-box-office.jpg?fit=1024%2C592&ssl=1)
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വില്ലനായി വന്നു സഹനടനായി മുന്നോട്ടു പോയി പിന്നീട് നായക വേഷങ്ങളിലൂടെ ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ച നടനാണ്. സിനിമയിൽ വന്നു ആറു വർഷത്തിനകം മലയാള സിനിമയിലെ സൂപ്പർ താരമായി മാറിയ മോഹൻലാലിന് പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാൽപ്പതു വർഷങ്ങൾക്കിപ്പുറവും മലയാള സിനിമയുടെ നെടുംതൂണായി, സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മോഹൻലാൽ തിളങ്ങി നിൽക്കുകയാണ്. എന്നാൽ 1984 ഇൽ റിലീസ് ചെയ്ത ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തെ അതിന്റെ പോസ്റ്ററിൽ വെക്കേണ്ട എന്ന നിർദേശം നൽകിയ നിർമ്മാതാവും വിതരണക്കാരനുമുണ്ട്. അവരുടെ ആവശ്യം കണക്കാക്കാതെ മോഹൻലാലിന്റെ ഒരു കിടിലൻ ചിത്രം തന്നെ പോസ്റ്ററിന്റെ പ്രധാന ആകര്ഷണമാക്കി പോസ്റ്റർ ഡിസൈനർ മാറ്റിയപ്പോൾ ആ ചിത്രത്തിന് ലഭിച്ചത് സൂപ്പർ വിജയം. മോഹൻലാൽ എന്ന നടന്റെ താര പദവിയിലേക്കുള്ള യാത്ര കൂടി കൂടുതൽ വേഗത്തിലാക്കി മാറ്റി ആ ചിത്രം. ഇവിടെ പറയുന്നത് മാസ്റ്റർ ഡയറക്ടർ ശശികുമാർ സംവിധാനം ചെയ്ത ഇവിടെ തുടങ്ങുന്നു എന്ന ചിത്രത്തെക്കുറിച്ചാണ്. അതിൽ എസ് ഐ കൃഷ്ണകുമാർ എന്ന പോലീസ് ഓഫിസറുടെ വേഷമായിരുന്നു മോഹൻലാൽ ചെയ്തത്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/ivide-thudangunnu-malayalam-movie-poster-1-1024x717.jpg?resize=1024%2C717)
എന്നാൽ ചിത്രത്തിന്റെ പോസ്റ്ററിൽ അന്നത്തെ റൊമാന്റിക് നായകനായ റഹ്മാനും നായിക രോഹിണിയും മാത്രം മതി എന്നായിരുന്നു നിർമ്മാതാവിന്റെ ആവശ്യം. പക്ഷെ പോസ്റ്റർ ഡിസൈനർ ഗായത്രി അശോക് അത് കൂട്ടാക്കിയില്ലെന്നു മാത്രമല്ല മോഹൻലാൽ പോലീസ് വേഷത്തിൽ ബുള്ളറ്റിൽ നിൽക്കുന്ന ഒരു ഗംഭീര ചിത്രം തന്നെ അദ്ദേഹം പോസ്റ്ററിന്റെ ഹൈലൈറ്റാക്കി മാറ്റി. എ ക്ലാസുകളിൽ റിലീസ് ചെയ്തു സൂപ്പർ വിജയം നേടിയ ഈ ചിത്രം ബി ക്ലാസ്സിലും വലിയ വിജയമായതിനു പുറകിൽ മോഹൻലാലിനെ മുൻനിർത്തി ചെയ്ത പരസ്യങ്ങളായിരുന്നു കാരണം. റൊമാന്റിക് ഹീറോ ആയ റഹ്‍മാനും നായിക രോഹിണിയും ആവും പ്രേക്ഷകരെ ആകർഷിക്കുക എന്ന കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് മോഹൻലാൽ എന്ന യുവ താരമായിരുന്നു അന്ന് പ്രേക്ഷകരുടെ കയ്യടി നേടിക്കൊണ്ട് അവരെ ആകർഷിച്ചത്. ബാലൻ കെ നായർ, തിക്കുറുശ്ശി സുകുമാരൻ നായർ എന്നിവരും ആ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/ivide-thudangunnu-malayalam-movie-poster-2-1024x576.jpg?resize=1024%2C576)