ഈ അടുത്തിടെയാണ് അൽഫോൻസ് പുത്രൻ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പേര് ഗോൾഡ് എന്നാണെന്ന റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വ്യാപിച്ചത്. എന്നാൽ അതിനും ഒരുപാട് വർഷങ്ങൾക്കു മുൻപ് തന്നെ ഇതേ പേരിൽ ഒരു ചിത്രം മലയാളത്തിൽ വരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. ഒരു വമ്പൻ മൾട്ടിസ്റ്റാർ ചിത്രത്തിനായി ഈ പേര് രജിസ്റ്റർ ചെയ്തതുമാണ്. പക്ഷെ അന്ന് നടക്കാതെ പോയ ആ ചിത്രം ഇനി മറ്റൊരു പേരിൽ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് വെളിപ്പെടുത്തുകയാണ് നിർമ്മാതാക്കൾ. പറഞ്ഞു വരുന്നത്, അന്തരിച്ചു പോയ സംവിധായകൻ രാജേഷ് പിള്ള ഒരുക്കാനിരുന്ന ഗോൾഡ് എന്ന ചിത്രത്തെ കുറിച്ചാണ്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യാനിരുന്നത്. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവായ ഷാജി നടേശനും ആ ചിത്രത്തിന്റെ രചയിതാവായ ശങ്കർ രാമകൃഷ്ണനും മനസ്സ് തുറന്നതു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് ഈ പ്രൊജക്റ്റ് ചെയ്യാൻ തീരുമാനിക്കപ്പെട്ടതു. ഒരു സ്‌പോര്‍ട്‌സ് ബേസ് സിനിമയായിരുന്നു ഗോള്‍ഡെന്നും കായിക പരിശീലകന്‍ ഒ.എം. നമ്പ്യാരുടെ വേഷമായിരുന്നു മോഹന്‍ലാലിന് എന്നും ശങ്കർ രാമകൃഷ്ണൻ പറയുന്നു.
കായിക മന്ത്രാലയത്തിലെ സി.ഇ.ഒയുടെ വേഷം പൃഥ്വിരാജ് സുകുമാരനും, കായികമന്ത്രിയുടെ വേഷത്തിൽ കുഞ്ചാക്കോ ബോബനും, അത്‌ലറ്റ് ആയി ഫഹദ് ഫാസിലും ആയിരുന്നു തീരുമാനിക്കപ്പെട്ടതു. പി.ടി. ഉഷ, ഷൈനി എബ്രഹാം, എം.ടി. വത്സമ്മ, വന്ദന റാവു എന്നിവരുടെ യഥാർഥ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം രചിച്ചത്. കേരളത്തിലെ നാല് വനിതാ അത്ലറ്റുകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്നതും അവര്‍ സ്വര്‍ണ്ണം നേടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയില്‍ ആ വേഷം പാര്‍വതിക്കും റിമാ കല്ലിങ്കലിനും കാര്‍ത്തികയ്ക്കും പിന്നെ ഓഡീഷനിലൂടെ കണ്ടെത്തിയ ഒരു താരത്തിനുമായി ആണ് മാറ്റി വെക്കപ്പെട്ടത്. പക്ഷെ സിനിമ തുടങ്ങുന്നതിനു മുന്നേ രാജേഷ് പിള്ള അസുഖബാധിതനാവുകയും താരങ്ങളുടെ ഡേറ്റുകൾ മാറി പോയി ആ ചിത്രം നടക്കാതെ പോവുകയും ചെയ്തു. മോഹന്‍ലാല്‍ കൂടി ഗോള്‍ഡിന്റെ ഭാഗമായതോടെ ആശിര്‍വാദ് സിനിമാസും ആ പ്രോജക്ടിനൊപ്പം സഹകരിക്കാന്‍ ഒരുക്കമായിരുന്നു എന്നും അവർ പറയുന്നു. പക്ഷെ ഇന്നും ആ പ്രൊജക്റ്റ് നടക്കാൻ ഉള്ള സാദ്ധ്യതകൾ ഉണ്ടെന്നും അതേ താരനിരയോടെ ആവില്ല പക്ഷെ നടക്കുക എന്നും ഷാജി നടേശൻ പറയുന്നു. വെബ് സീരീസിനും അനന്തമായ സാധ്യതകളുണ്ട് എന്ന് ശങ്കർ രാമകൃഷ്ണനും കൂട്ടിച്ചേർത്തു