അതിനപ്പുറമുള്ള മലയാള സിനിമ അതിനു മുൻപ് ഞാൻ കണ്ടിട്ടില്ല; ഡെന്നിസ് ജോസഫിനെ അനുസ്മരിച്ചു പ്രിയദർശൻ..!

Advertisement

മലയാള സിനിമയിലെ ഇതിഹാസമായിരുന്ന രചയിതാവ് ഡെന്നിസ് ജോസഫ് ഇന്നലെ കാലയവനികക്കുള്ളിൽ മറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളേയും ഒട്ടേറെ മാസ്സ് ഹിറ്റുകളും മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ച ഡെന്നിസ് ജോസഫ് വിട പറയുമ്പോൾ മനസ്സ് നൊന്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാള സിനിമാ ലോകം. ഡെന്നിസ് ജോസഫിനെ കുറിച്ച് സംവിധായകൻ പ്രിയദർശൻ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമക്കു വേണ്ടിയാണു പ്രിയദർശൻ ഡെന്നിസ് ജോസഫിനെ അനുസ്‌മരിച്ചു കുറിപ്പ് പുറത്തു വിട്ടത്‌. ഡെന്നിസ് ജോസഫ് പ്രിയദർശന് വെറും സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും വിളിച്ചു സംസാരിച്ചിരുന്ന അടുത്ത സുഹൃത്തു കൂടിയായിരുന്നു ഡെന്നിസ് എന്ന് പ്രിയദർശൻ പറയുന്നു. ഞായറാഴ്ച വൈകുന്നേരം കൂടി ഡെന്നിസിനോട് സംസാരിച്ചപ്പോൾ തൊട്ടടുത്ത ദിവസം തന്നെ അവന്റെ മരണ വാർത്ത കേൾക്കേണ്ടി വരുമെന്ന് താൻ കരുതിയില്ലെന്നു പ്രിയദർശൻ പറയുന്നു.

ഡെന്നിസ് രചിച്ച ന്യൂഡൽഹി എന്ന ചിത്രത്തെക്കുറിച്ചും പ്രിയദർശൻ പറയുന്നു. ന്യൂഡൽഹി റിലീസ് ചെയ്യാൻ രണ്ടു ദിവസം മാത്രമുള്ളപ്പോൾ ഡെന്നിസും ജോഷിയേട്ടനും എന്നെ വിളിച്ചു പറഞ്ഞു, നീയിതു കാണണം. ഞാനും ജോഷിയേട്ടനും ഡെന്നിസും മാത്രമിരുന്നാണ് കണ്ടത്. കാണെക്കാണെ അന്തം വിട്ടു പോയ സിനിമയാണത്. അതിനപ്പുറമുള്ള മലയാള സിനിമ അതിനു മുൻപ് ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയെ പരാജയങ്ങളുടെ പടുകുഴിയിൽ നിന്ന് പിടിച്ചുയർത്തി താര പദവി സമ്മാനിച്ച ചിത്രമായിരുന്നു ന്യൂഡൽഹി. മോഹൻലാലിൻറെ സിനിമാ ജീവിതം മാറ്റിമറിച്ചതും ഡെന്നിസ് ആയിരുന്നു എന്ന് പ്രിയദർശൻ പറയുന്നു. രാജാവിന്റെ മകൻ എന്ന ഡെന്നിസ് ജോസഫ്- തമ്പി കണ്ണന്താനം ചിത്രമാണ് മോഹൻലാലിനെ മലയാള സിനിമയുടെ അമരക്കാരൻ ആക്കി മാറ്റിയത്. മലയാളത്തിൽ ഇതുപോലെ കത്തി നിന്ന എഴുത്തുകാരൻ ഇല്ല എന്നും എന്തും എഴുതി ഹിറ്റാക്കാനുള്ള മാജിക് ഉണ്ടായിരുന്നു ഡെന്നിസിന്റെ പേനക്ക് എന്നുകൂടി പറഞ്ഞാണ് പ്രിയദർശൻ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close