നമ്മുടെ മലയാള സിനിമയിലെ പരമോന്നത പുരസ്‌കാരമാണ് ജെ സി ഡാനിയൽ പുരസ്‌കാരം. അതുപോലെ മധ്യപ്രദേശ് സർക്കാർ നൽകുന്ന പരമോന്നത സിനിമാ ബഹുമതിയാണ് കിഷോർ കുമാർ പുരസ്‌കാരം. ഇത്തവണ കിഷോർ കുമാർ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നതു ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡിറക്ടറും മലയാളിയുമായ പ്രിയദർശനാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആയി കണക്കാക്കപ്പെടുന്ന പ്രിയദർശന്, സംവിധാനം, തിരക്കഥ, ഗാന രചന എന്നീ മേഖലകളിൽ നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ചാണ് കിഷോർ കുമാർ പുരസ്‍കാരം നല്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത ദക്ഷിണേന്ത്യൻ സംവിധായകനും പ്രിയദർശൻ ആണ്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‍കാരവും നേടിയെടുത്തിട്ടുള്ള സംവിധായകനാണ് പ്രിയദർശൻ.
ശ്യാം ബെനേഗൽ, ഗുൽസാർ, ഹൃഷികേശ് മുഖർജി തുടങ്ങിയ പ്രമുഖർക്കും ഈ പുരസ്‍കാരം നേരത്തെ ലഭിച്ചിട്ടുണ്ട്. 21 വർഷം മുൻപ് 1997 ഇൽ ആണ് ഈ പുരസ്‍കാരം കൊടുക്കാൻ ആരംഭിച്ചത്. ബോളിവുഡ് സൂപ്പർ താരമായ സൽമാൻ ഖാന്റെ പിതാവും ഹിന്ദി സിനിമാ ലോകത്തെ പ്രമുഖ തിരക്കഥാകൃത്തു ജോഡി ആയിരുന്ന സലിം- ജാവേദ് കൂട്ടുകെട്ടിന്റെ ഭാഗവുമായ സലിം ഖാൻ ആയിരുന്നു പ്രിയദർശനു ഈ പുരസ്‍കാരം തീരുമാനിച്ച ജൂറിയുടെ ചെയർമാൻ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കിഷോർ കുമാർ പുരസ്‍കാരം. തൊണ്ണൂറിനു മുകളിൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശൻ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയത് മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ആണ്. ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കുഞ്ഞാലി മരക്കാർ ഒരുക്കാൻ തയ്യാറെടുക്കുകയാണ് പ്രിയദർശൻ.