സിനിമ നില്‍ക്കട്ടെ, ചരിത്രത്തോട് പോയി പണിനോക്കാന്‍ പറ; വിമർശകരുടെ വായടപ്പിച്ചു പ്രിയദർശൻ

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായാണ് പ്രിയദർശൻ അറിയപ്പെടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലേയും തന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് പ്രിയദർശൻ. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറിപ്പോൾ ഇന്ത്യ മുഴുവൻ സംസാര വിഷയമാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറും മരക്കാർ എന്ന വിശ്വാസത്തിലാണ് സിനിമാ പ്രേമികൾ. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപെട്ടു നടക്കുന്ന ചില വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കിടിലൻ മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രിയദർശൻ. നാനാ ഫിലിം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകിയത്. എംടി വാസുദേവന്‍ നായര്‍ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ മെനഞ്ഞെടുത്തതു പോലെ, ചരിത്രം അവശേഷിപ്പിച്ച് പോയ ശൂന്യതകളില്‍ നിന്നാണ് താൻ കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രത്തേയും സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്നാണ് പ്രിയദർശൻ പറയുന്നത്.

വലംകൈ കൊണ്ട് ചരിത്രത്തെ പിന്‍പറ്റുമ്പോള്‍ ഇടം കൈ കൊണ്ട് ഭാവനയെ പുണരുകയാണ് താനെന്നും അതുകൊണ്ടാണ് ഇത് തന്റെ മാത്രം കുഞ്ഞാലിയാണെന്ന് താൻ പറയുന്നതെന്നും പ്രിയദർശൻ വെളിപ്പെടുത്തുന്നു. ചരിത്രത്തിൽ ഒട്ടേറെ വിവരങ്ങൾ ലഭ്യമല്ല എന്നും, ലഭ്യമായതിനു തന്നെ വ്യക്തതയുമില്ല എന്നിരിക്കെ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്താന്‍ നോക്കിയാല്‍ സിനിമ നിൽക്കില്ല എന്നതാണ് സത്യമെന്നു പ്രിയദർശൻ പറയുന്നു. സിനിമയോട് സത്യസന്ധത പുലര്‍ത്താന്‍ നോക്കിയാല്‍ ചരിത്രവും നിലനിൽക്കില്ല എന്നിരിക്കെ, സിനിമ നില്‍ക്കട്ടെ ചരിത്രത്തോട് പോയി പണി നോക്കാന്‍ പറ എന്നതാണ് തന്റെ പക്ഷമെന്നും പ്രിയദർശൻ വെട്ടിത്തുറന്നു പറയുന്നു. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close