മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ, മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികൾ. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് കോവിഡ് പ്രതിസന്ധി മൂലം നീണ്ടു പോവുകയാണ്. ഏതായാലും മരക്കാർ റിലീസ് ആവുന്നതിനു മുൻപ് തന്നെ തങ്ങളുടെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടന്നിരിക്കുകയാണ് ഈ സൂപ്പർ ഹിറ്റ് ജോഡി. അടുത്തതായി മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു സ്പോർട്സ് ചിത്രം ആണ്. ബാക്കി എല്ലാത്തരത്തിലും ഉള്ള ചിത്രങ്ങൾ ഒരുക്കിയ ഈ ടീം ഇനി ഒരു സ്പോർട്സ് ഡ്രാമ ആണ് ഒരുക്കുന്നത് എന്ന് പ്രിയദർശൻ പറയുന്നു. ഇതിൽ മോഹൻലാൽ ഒരു ബോക്‌സർ ആയാണ് അഭിനയിക്കുന്നത് എന്നും, ആ കഥാപാത്രത്തിന്റെ ഉയരങ്ങളിലേക്കുള്ള കുതിപ്പും പിന്നീടുള്ള വീഴ്ചയുമാണ് ഇതിന്റെ വിഷയമെന്നും പ്രിയദർശൻ പറയുന്നു. ഹോളിവുഡ് ക്ലാസിക് ആയ റേയ്‌ജിംഗ് ബുൾ തന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള ചിത്രമാണ് എന്നും അതുകൊണ്ട് ഈ വരാൻ പോകുന്ന ചിത്രം താനും മോഹൻലാലും ചേർന്നൊരുക്കുന്ന റേയ്‌ജിംഗ് ബുൾ സ്റ്റൈൽ ചിത്രമായിരിക്കും എന്നും പ്രിയദർശൻ പറഞ്ഞു.
ഈ ചിത്രത്തിനായി 15 കിലോയോളം ശരീര ഭാരം കുറച്ചും, പിന്നീട് വളരെയധികം ഭാരം കൂട്ടിയും മോഹൻലാൽ എത്തുമെന്നും പ്രിയദർശൻ സുഭാഷ് ഝാ എന്ന പ്രശസ്ത ബോളിവുഡ് സിനിമാ ജേര്ണലിസ്റ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. ഇതിനു വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് ആണ് മോഹൻലാലിന് ബോക്സിങ് പരിശീലനം നൽകുന്നത്. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ എന്നതും ഈ അവസരത്തിൽ എടുത്തു പറയേണ്ട കാര്യമാണ്. ഈ സ്പോർട്സ് ചിത്രം കൂടാതെ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ വി ബി കെ മേനോൻ നിർമ്മിക്കുന്ന ഒരു ചിത്രവും മോഹൻലാൽ- പ്രിയദർശൻ ടീം പ്ലാൻ ചെയ്യുന്നുണ്ട്.