മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ സിനിമയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം എൺപത്തിയഞ്ചു കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചത്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് നീണ്ടു പോയെങ്കിലും ലോകം മുഴുവനുമുള്ള അറുപതു രാജ്യങ്ങളിൽ, മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി ഈ ചിത്രം ഈ വർഷം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിതാ ഈ ചിത്രം ഷൂട്ട് ചെയ്യുമ്പോൾ ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനെ കണ്ടതും അദ്ദേഹം ഈ ചിത്രത്തെക്കുറിച്ചു പങ്കു വെച്ച ഒരു ആശങ്കയെ കുറിച്ചും വെളിപ്പെടുത്തുകയാണ് പ്രിയദർശൻ. നൂറു കോടിയോളം രൂപ മുതൽ മുടക്കുള്ള ഈ സിനിമയുടെ ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോയെന്നാണ് മോഹൻലാൽ- പ്രിയദർശൻ എന്നിവരെ രാമോജി റാവു ഫിലിം സിറ്റിയിൽ വെച്ച് കണ്ടപ്പോൾ അമിതാബ് ബച്ചൻ ചോദിച്ചത്.
മലയാള സിനിമ പുതിയ മാർക്കറ്റുകൾ കണ്ടെത്തി കുതിക്കുകയാണെന്ന മറുപടി മോഹൻലാൽ നൽകിയപ്പോൾ അദ്ദേഹം സന്തോഷവാനായി എന്നും പ്രിയദർശൻ പറയുന്നു. അമിതാഭ് ബച്ചനെക്കുറിച്ച് മാത്രഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഈ സംഭവം പ്രിയദർശൻ ഓർത്തെടുത്ത്. മോഹൻലാലിനെ രാജ്യം പദ്മഭൂഷൺ നൽകിയാദരിച്ച ദിവസമാണ് അമിതാബ് ബച്ചനെ തങ്ങൾ നേരിട്ട് കണ്ടതെന്നും പ്രിയദർശൻ ഓർത്തെടുക്കുന്നു. മലയാളത്തിൽ അമിതാബ് ബച്ചൻ അഭിനയിച്ച ഏക ചിത്രമായ കാണ്ഡഹാറും മോഹൻലാലിനൊപ്പമാണ്. ഇത് കൂടാതെ ഹിന്ദിയിലും മോഹൻലാലിനൊപ്പം അമിതാബ് ബച്ചൻ അഭിനയിച്ചിട്ടുണ്ട്. താൻ മോഹൻലാൽ എന്ന നടന്റെ നടന്റെ വലിയ ആരാധകൻ ആണെന്ന് വെളിപ്പെടുത്തിയിട്ടുള്ള അമിതാബ് ബച്ചൻ വലിയ സൗഹൃദമാണ് മോഹൻലാൽ, പ്രിയദർശൻ എന്നിവരോട് കാത്തു സൂക്ഷിക്കുന്നത്.