മലയാള സിനിമയിലേയും ഇന്ത്യൻ സിനിമയിലെ തന്നെയും ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന സംവിധായകൻ ആണ് പ്രിയദർശൻ. ഇതിനോടകം 95 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഹിന്ദിയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രണ്ടാമത്തെ സംവിധായകനുമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിൽ ചിത്രങ്ങൾ ഒരുക്കിയ പ്രിയദർശൻ, മലയാളത്തിലെ മഹാനടൻ മോഹൻലാലുമായി ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ്. മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിച്ച ഒരേയൊരു സംവിധായകൻ ആണ് പ്രിയദർശൻ. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നിവയാണ് ആ ചിത്രങ്ങൾ. ഇപ്പോഴിതാ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവുമായി എത്തുകയാണ് പ്രിയദർശൻ. മോഹൻലാൽ നായകനായ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയിരിക്കുകയാണ്. എന്നാൽ അതിനു ശേഷം താൻ മലയാളത്തിൽ ചെയ്യാൻ പോകുന്നത് തന്റെ ഒരു സ്വപ്ന ചിത്രമാകുമെന്നും ആ ചിത്രം രചിക്കുന്നത് എം ടി വാസുദേവൻ നായർ ആകുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ.
തന്റെ ഏറ്റവും വലിയ രണ്ടു സ്വപ്‌നങ്ങൾ എം ടി വാസുദേവൻ നായരുടെ രചനയിൽ ഒരു ചിത്രം ചെയ്യുകയും, അതുപോലെ അമിതാബ് ബച്ചൻ അഭിനയിക്കുന്ന ഒരു ചിത്രം ചെയ്യുകയുമാണെന്നു പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചു ഏറ്റവും പുതിയ മാധ്യമ അഭിമുഖത്തിൽ ചോദിച്ചപ്പോൾ പ്രിയദർശൻ പറഞ്ഞത്, എം ടി വാസുദേവൻ നായർ രചിക്കുന്ന ഒരു മലയാള ചിത്രം ഈ വർഷം തന്നെ താൻ ചെയ്യുന്നുണ്ട് എന്നാണ്. എം ടി വാസുദേവൻ നായരുടെ സ്വപ്ന ചിത്രമായ രണ്ടാമൂഴം പ്രിയദർശൻ ഒരുക്കുമെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മോഹൻലാലിനെ നായകനാക്കി എം ടി രചിച്ച ആ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ശ്രീകുമാർ മേനോൻ ആയിരുന്നെങ്കിലും പിന്നീട് എം ടിയും ശ്രീകുമാർ മേനോനും തന്നിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മൂലം ആ പ്രൊജക്റ്റ് നീണ്ടു പോവുകയായിരുന്നു. ഏതായാലും പ്രിയദർശൻ- എം ടി വാസുദേവൻ നായർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം രണ്ടാമൂഴം ആകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.