കഴിഞ്ഞ വർഷം കേരളത്തെ പ്രളയം ഗ്രസിച്ചപ്പോൾ ഒട്ടേറെ ജീവനുകൾ രക്ഷിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് മുൻപിൽ നിൽക്കുകയും ചെയ്തവരാണ് കേരളത്തിലെ മൽസ്യ തൊഴിലാളികൾ. അവർക്കാണ് കഴിഞ്ഞ വർഷത്തെ ന്യൂസ് മേക്കർ പുരസ്‍കാരം പ്രമുഖ മാധ്യമമായ മനോരമ കഴിഞ്ഞ ദിവസം സമ്മാനിച്ചതും. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് അവർക്കു ആ ബഹുമതി സമർപ്പിക്കാൻ എത്തി ചേർന്നത്. ആ വേദിയിൽ വെച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പ്രസ്ഥാനങ്ങളും പ്രത്യയ ശാസ്ത്രങ്ങളും അവരിലുള്ള വിശ്വാസം നഷ്ട്ടപെടുത്തുബോൾ അല്ലെങ്കിൽ ആ വിശ്വാസം നമ്മുക്ക് നഷ്ടപ്പെടുമ്പോൾ ആത്യന്തികമായി മനുഷ്യൻ വിശ്വസിക്കേണ്ടത് മനുഷ്യനിൽ തന്നെയാണ് എന്ന സത്യം നമ്മളെ ബോധിപ്പിച്ചവരാണ് മൽസ്യ തൊഴിലാളികൾ എന്ന് പൃഥ്‌വിരാജ് പറയുന്നു.
വീടുകളിലേക്ക് മുന്നൂറു രൂപയ്ക്കു മൽസ്യം വാങ്ങിയിട്ട് 250 രൂപ തരാം എന്ന് അവരോടു വില പേശുമ്പോൾ കഴിഞ്ഞ വർഷം തന്റെ ബോട്ടിൽ കേറാൻ ഒരാൾക്ക് അഞ്ഞൂറ് രൂപ എന്ന് പറഞ്ഞു ഒരു മൽസ്യ തൊഴിലാളിയും വില പേശിയില്ല എന്ന് കൂടെ നമ്മൾ ഓർക്കണം എന്ന് അദ്ദേഹം പറയുന്നു. ദൈവങ്ങൾ മനുഷ്യർക്കുള്ളിലാണ് എന്ന് നമ്മളെ പഠിപ്പിച്ച ഒരു സംസ്കാരം ആണ് നമ്മുടേത് എന്നും, എന്നാൽ ദൈവങ്ങൾ മനുഷ്യക്കിടയിലും ഉണ്ട് എന്ന് തിരിച്ചറിവ് നമ്മുക്ക് തന്ന നായകന്മാരാണ് മൽസ്യ തൊഴിലാളികൾ എന്നും അവർക്കു കേരളത്തിന്റെയും മലയാളികളുടേയും കാലത്തിന്റേയും പേരിൽ നന്ദി പറയുന്നു എന്നും പറഞ്ഞാണ് പൃഥ്വിരാജ് നിർത്തിയത്. അദ്ദേഹത്തിന്റെ ഈ പ്രസംഗം ഇപ്പോൾ എല്ലാവരും ഒരേ പോലെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.