താരങ്ങളുടെ പ്രതിഫലം കൂടുതലോ?; വൈറലായി പൃഥ്വിരാജ് സുകുമാരന്റെ മറുപടി

Advertisement

രണ്ടു ദിവസം മുൻപാണ് മലയാള സിനിമാ സംഘടനയായ ഫിലിം ചേംബർ, മലയാളത്തിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു എന്നാണ് അവർ പറയുന്നത്. ചെറിയ താരങ്ങൾ പോലും ഓരോ ചിത്രം കഴിയുമ്പോഴും പ്രതിഫലം ഉയർത്തുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നതെന്നും അവർ ആരോപിച്ചു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയുടെ വിജയാഘോഷവുമായി ബന്ധപെട്ടു തിരുവനന്തപുരത്തു വെച്ച് നടന്ന പ്രസ് മീറ്റിലാണ് പൃഥ്വിരാജ് പ്രതികരിച്ചത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും പൃഥ്വിരാജ് സുകുമാരനൊപ്പം ഉണ്ടായിരുന്നു. ഒരു താരത്തിന്റെ പ്രതിഫലം എത്രയാണെന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അവകാശം ആ താരത്തിന് ആണെന്നും, അതുപോലെ തന്നെ ആ താരത്തെ വെച്ച് ചിത്രം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിർമ്മാതാവിനുമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement

നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ തീരുമാനിച്ചാൽ മതിയെന്നും, അല്ലാതെ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് വാശി പിടിക്കുന്നതിൽ പ്രസക്തിയില്ലെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നു. താരങ്ങൾ തങ്ങളുടെ ചിത്രങ്ങളുടെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നതാണ് പലപ്പോഴും നല്ലതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തി. അപ്പോൾ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നൽകിയാൽ മതിയാകുമെന്നും, താൻ അത് പിന്തുടരാൻ ശ്രമിക്കുന്ന ആളാണെന്നും പൃഥ്വിരാജ് പറഞ്ഞു. നടിമാര്‍ക്കും നടന്‍മാര്‍ക്കും തുല്യവേതനം കൊടുക്കണമെന്ന വാദത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നതെന്നും രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കു ഐശ്വര്യ റായിയേക്കാൾ കുറവ് പ്രതിഫലമാണ് ലഭിച്ചതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close