പൃഥ്വിരാജിനെ നായകനാക്കി റോഷിണി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. വർഷങ്ങളോളം കോസ്റ്റ്യുയും ഡിസൈനറായി സിനിമയിൽ ഭാഗമായിരുന്നു റോഷിണിയുടെ ആദ്യ സംവിധാനസംരഭം എന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- പാർവതി എന്നിവർ വീണ്ടും ഒന്നിക്കുന്ന മറ്റൊരു പ്രണയ ചിത്രം കൂടിയാണ് മൈ സ്റ്റോറി. പൂർണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രവും അതോടൊപ്പം തന്നെ പോർച്ചുഗലിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡും ‘മൈ സ്റ്റോറി’ സ്വന്തമാക്കി. റോഷിണി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ദിനകറും റോഷിണി ദിനകറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പലപ്പോഴായും റിലീസ് നീട്ടിയ ചിത്രം നാളെ വമ്പൻ റിലീസോട് കൂടി പ്രദർശനത്തിനെത്തുകയാണ്. കേരളത്തിൽ 129 തീയറ്ററുകളിൽ നാളെ ‘മൈ സ്റ്റോറി’ റീലീസിനെത്തും. സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ക്ലീൻ U സർട്ടിഫിക്കറ്റാണ് നേടിയിരുന്നത്. 138 ദൈർഘ്യമുള്ള ഈ ചിത്രം സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം തന്നെയായിരിക്കും. പൃഥ്വിരാജ് ചിത്രം ‘കൂടെ’ യുടെ റിലീസ് നീട്ടിയതുകൊണ്ടാണ് ജൂലൈ 6ന് ചിത്രം റിലീസിന് എത്തിക്കാൻ തീരുമാനിച്ചത്. ചിത്രത്തിന് ആശംസകളുമായി പല സിനിമ താരങ്ങളും വീഡിയോസ് പങ്കുവെച്ചിരുന്നു, എന്നാൽ ബോളിവുഡിൽ നിന്ന് രൻവീർ സിങ്ങും റോഷിണിയുടെ ആദ്യ ചിത്രത്തെ അഭിനന്ദിച്ചു മുന്നോട്ട് വന്നിരുന്നു. ‘മൈ സ്റ്റോറി’ ചിത്രത്തിൽ പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന ജാക്കറ്റുകൾ അണിയറ പ്രവർത്തകർ ഓണ്ലൈനിൽ ലേലത്തിൽ വെക്കുകയും, അതിൽ നിന്ന് ലഭിച്ച പൈസ അനാഥാലയത്തിൽ പാരിദോഷികമായി നൽകുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ മറ്റൊരു ഹൃദയസ്പെർശിയായ പ്രണയ ചിത്രമാണ് സിനിമ പ്രേമികൾ മൈ സ്റ്റോറിയിലൂടെ പ്രതീക്ഷിക്കുന്നത്.
ശങ്കർ രാമകൃഷ്ണനാണ് മൈ സ്റ്റോറിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, മനോജ് കെ ജയൻ , നന്ദു, മണിയൻപിള്ള രാജു, സഞ്ജു ശിവാറാം, അരുൺ ബെന്നി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഡൂഡിലീയും വിനോദും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രിയങ്ക് പ്രേംകുമാറാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. കാത്തിരിപ്പിന് വിരാമം എന്നപ്പോലെ നാളെ ചിത്രം പ്രദർശനത്തിനെത്തും.