പൃഥ്വിരാജ് സുകുമാരൻ ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച തന്റെ പുതിയ ചിത്രമാണ് അയ്യപ്പൻ. ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസ് ആണ്. അയ്യപ്പന്റെ ജീവിതമായിരിക്കും ചിത്രം പറയുകയെന്ന് നിർമ്മാതാക്കളിൽ ഒരാളായ ഷാജി നടേശൻ പറഞ്ഞിരുന്നു. എന്നാൽ ശബരിമല ശാസ്താവ് ആയ അയ്യപ്പൻറെ അല്ല, പകരം അയ്യപ്പൻ എന്ന രാജകുമാരന്റെ കഥയാണ് ഈ ചിത്രം പറയുക എന്നാണ് ഷാജി നടേശൻ പറയുന്നത്. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും കൊടുംവനത്തിൽ ആയിരിക്കും ചിത്രീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ അയ്യപ്പനെ ഒരു മനുഷ്യൻ ആയാണ് ചിത്രീകരിക്കുക എന്നും പന്തളം കൊട്ടാരവുമായി ബന്ധപെട്ടു അതിനു വേണ്ടിയുള്ള കഥകളും ഐതിഹ്യങ്ങളും ശേഖരിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി ഈ ചിത്രം നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിന്റെ ഇംഗ്ലീഷ് വേർഷൻ ചെയ്യാനും പരിപാടി ഉണ്ടെന്നു ഷാജി നടേശൻ പറയുന്നു. സാങ്കേതിക പ്രവർത്തകർ കൂടുതലും മലയാളത്തിൽ നിന്നുള്ളവർ തന്നെയാവും എന്നും എന്നാൽ താരങ്ങളെ മറ്റു ഭാഷകളിൽ നിന്നും കൊണ്ട് വരുമെന്നും ഷാജി പറയുന്നു. അടുത്ത വർഷം വിഷുവിനു ഈ ചിത്രം ആരംഭിക്കാൻ ആണ് പരിപാടി എന്നും 2020 ലെ മകരവിളക്കിനോട് അനുബന്ധിച്ചു ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. നാല് ഷെഡ്യൂളുകൾ ആയി ആണ് ഈ ചിത്രം പൂർത്തീകരിക്കുക.