
മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിലൊരാളായ വിനയൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ആണ് ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. സിജു വിൽസൺ നായകനായി എത്തിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം, ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര നായകന്റെ കഥയാണ് പറയുന്നത്. അതിഗംഭീരമായാണ് സിജു വിൽസൺ ഈ കഥാപാത്രത്തിന് ജീവൻ നൽകിയത്. ഈ ചിത്രത്തിനു വേണ്ടി വമ്പൻ മേക്കോവറാണ് സിജു വിൽസൺ നടത്തിയത്. ഇപ്പോഴിതാ, ഈ ചിത്രത്തിന് വേണ്ടി താൻ ആദ്യം സമീപിച്ചത് മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനെയാണെന്നു വെളിപ്പെടുത്തുകയാണ് വിനയൻ. റിപ്പോർട്ടർ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് വിനയൻ ഈ കാര്യം പുറത്തു പറഞ്ഞത്. പൃഥ്വിരാജ് സുകുമാരനോട് താൻ കഥ പറഞ്ഞപ്പോൾ പൃഥ്‌വി തന്നോട് പറഞ്ഞത് തിരക്കാണെന്നാണെന്നും, എന്നാൽ അതേ സമയം തന്നെ വാരിയംകുന്നൻ എന്ന ചിത്രം ചെയ്യാൻ പോകുന്നു എന്ന വിവരം പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചെന്നും വിനയൻ പറഞ്ഞു.
തനിക്ക് തരാൻ സമയമില്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരുന്ന് തന്റെ ആവേശം കളയാൻ തനിക്ക് താല്പര്യമില്ലെന്നും, അത് കൊണ്ടാണ് പൃഥ്വിരാജ് വേണ്ടായെന്നു വെച്ചുകൊണ്ട് പിന്നെ സിജു വിൽസണിലേക്കെത്തിയതെന്നും വിനയൻ വിശദീകരിച്ചു. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ ഈ ചിത്രവുമായി സമീപിക്കാതെയിരുന്നത് ഇതിലെ കഥാപാത്രത്തിന്റെ പ്രായം കാരണമാണെന്നും വിനയൻ പറഞ്ഞു. ഏതായാലും ആഷിക് അബു- പൃഥ്വിരാജ് ടീമിൽ നിന്നൊരുങ്ങും എന്ന് അന്ന് പ്രഖ്യാപിച്ചിരുന്ന വാരിയംകുന്നൻ, പിന്നീട് ഉപേക്ഷിക്കപ്പെട്ടു എന്നതും ശ്രദ്ധേയമായി. വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.