പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭ്രമം. പ്രശസ്ത ക്യാമറാമാൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. സൂപ്പർ ഹിറ്റായ ബോളിവുഡ് ചിത്രം അന്ധാഥുൻ റീമേക് ചെയ്തതാണ് ഭ്രമം. കാഴ്ചയില്ലാത്ത ഒരു കഥാപാത്രമായി പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ രാശി ഖന്ന, മമത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, ജഗദീഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ അന്ധാദുനില്‍ ആയുഷ്മാന്‍ ഖുരാന, രാധിക ആപ്‌തെ, തബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം പല ഭാഷകളിലേക്ക് റീമേക് ചെയ്തെങ്കിലും ഇതിന്റെ മലയാളം വേർഷൻ ആവും ഏറ്റവും മികച്ചത് എന്ന അഭിപ്രായമാണ് പൃഥ്വിരാജ് സുകുമാരൻ പങ്കു വെക്കുന്നത്. ഒറിജിനൽ ഹിന്ദി വേർഷൻ കണ്ട പ്രേക്ഷകർ മലയാളം വേർഷനോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ താല്പര്യം ഉണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
അതോടൊപ്പം ഈ ചിത്രത്തിന് മുൻപ് മറ്റൊരു ഹിന്ദി ചിത്രമാണ് റീമേക് ചെയ്യാൻ താൻ ആഗ്രഹിച്ചതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് പറയുന്നത്. ശ്രീറാം രാഘവന്റെ തന്നെ ചിത്രമായ ജോണി ഗദ്ദാറിന്റെ റീമേക്കിന് ആണ് താൻ അദ്ദേഹത്തെ സമീപിച്ചത് എങ്കിലും അത് നടന്നില്ല എന്ന് പൃഥ്വിരാജ് പറയുന്നു. നീല്‍ നിതിന്‍ മുകേഷ്, ധര്‍മേന്ദ്ര, വിനയ് പഥക്, റിമി സെന്‍ എന്നിവർ അഭിനയിച്ച ഈ ചിത്രം 2007 ഇൽ ആണ് റിലീസ് ആയതു. 2019 ല്‍ ലൂസിഫര്‍ ഷൂട്ടിംഗിന്റെ സമയത്ത് വിവേക് ഒബ്റോയ് ആണ് അന്ധധുൻ റീമേക് ചെയ്യണമെന്ന് തന്നോട് പറഞ്ഞതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈം വീഡിയോസിലൂടെ ഭ്രമം റിലീസ് ചെയ്യും.