കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ പ്രഖ്യാപിച്ച പുതിയ ചിത്രം ആരാധകർക്ക് ആവേശമാവുകയാണ്. പോക്കിരി രാജ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജ് സുകുമാരനുമായി സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ഒന്നിക്കുന്ന ചിത്രമാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഖലീഫ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചത് പ്രശസ്ത രചയിതാവും സംവിധായകനുമായ ജിനു എബ്രഹാമാണ്. ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഖലീഫ ഒരുക്കുന്നതെന്നാണ് സൂചന. മോഹൻലാൽ നായകനായ എമ്പുരാൻ തീർത്തതിന് ശേഷം പൃഥ്വിരാജ് ജോയിൻ ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരിഗമ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം നിർവഹിക്കുക. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ഈ ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ്സ് എന്റെർറ്റൈനെർ ആവുമെന്നാണ് വൈശാഖ് കുറിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി വീണ്ടും ഒന്നിക്കുന്നു എന്നും ഇത്രയും കാലം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഖലീഫയെ ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു എന്നുമാണ് ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വൈശാഖ് കുറിച്ചത്. ഷാജി കൈലാസ് ഒരുക്കിയ കാപ്പ, ജയൻ നമ്പ്യാരുടെ വിലായത് ബുദ്ധ, ബിഗ് ബഡ്ജറ്റ് ചിത്രം കാളിയൻ, പാൻ ഇന്ത്യൻ ചിത്രമായ സലാർ, ബ്ലെസി ഒരുക്കിയ ആട് ജീവിതം എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ചു വരാനുള്ള ചിത്രങ്ങൾ. മോഹൻലാൽ നായകനായ മോൺസ്റ്ററാണ് വൈശാഖിന്റെ ഏറ്റവും പുതിയ റിലീസ്.