ഒരിക്കൽ കൂടി ചരിത്ര കഥ പറയുന്ന ചിത്രത്തിൽ നായകനാവാൻ ഒരുങ്ങുകയാണ് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി, ആർ എസ് വിമൽ ഒരുക്കിയ എന്നു നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചരിത്ര സിനിമയായിരിക്കും വാരിയംകുന്നൻ. ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ പൃഥ്വിരാജ് ചിത്രം ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പൃഥ്വിരാജ് കുറിച്ച വാക്കുകൾ ഇങ്ങനെ, ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.
കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവർ ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം രചിക്കുന്നത് ഹർഷദ്, റമീസ് എന്നിവർ ചേർന്നാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കോ ഡയറക്ടർ മുഹ്‌സിൻ പരാരിയാണ്. സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കാൻ പോകുന്ന ഈ ചിത്രത്തിന് കലാ സംവിധാനം നിർവഹിക്കുന്നത് ജ്യോതിഷ് ശങ്കറും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. ഇത് കൂടാതെ ഹരിഹരൻ സംവിധാനം ചെയ്യാൻ പോകുന്ന കുഞ്ചൻ നമ്പ്യാർ എന്ന ചരിത്ര സിനിമയിലും പൃഥ്വിരാജ് അഭിനയിക്കും. അതുപോലെ ചരിത്ര കഥ പറയാൻ പോകുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് പൃഥ്വിരാജ് ചിത്രമാണ് എസ് മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന കാളിയൻ.