വിക്രമും ലൂസിഫറും തമ്മിൽ ചേർത്ത് പറയുന്നത് അഭിമാനം; മനസ്സ് തുറന്ന് പൃഥ്വിരാജ്

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കടുവ ജൂലൈ ഏഴിന് പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രം വലിയ ഹൈപ്പാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. കടുവയുടെ പ്രമോഷന്റെ തിരക്കിലാണ് പൃഥ്വിരാജ് സുകുമാരനിപ്പോൾ. അതിന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് ടിവിക്കു കൊടുത്ത അഭിമുഖത്തിൽ താൻ കമൽ ഹാസൻ- ലോക്ഷ് കനകരാജ് ടീമിന്റെ വിക്രം കണ്ടെന്നും അത് തനിക്കു ഏറെയിഷ്ടപ്പെട്ടെന്നും പൃഥ്വിരാജ് പറഞ്ഞു. താൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രവുമായി വിക്രത്തെ ചിലരെങ്കിലും താരതമ്യം ചെയ്യുന്നുണ്ടെങ്കിൽ അതൊരു അഭിമാനമായാണ് കാണുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. വിക്രമെന്ന ചിത്രത്തിൽ ലോകേഷ് മേക്കിങ് മാത്രമല്ല പുതിയ ശൈലിയിൽ ചെയ്തിരിക്കുന്നതെന്നും, പുതിയ ഒരു കമൽ ഹാസനെ, ഇന്നത്തെ കമൽ ഹാസനെ കാണിച്ചു തരികയാണ് ചെയ്തതെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ പൃഥ്വിരാജ് എന്ന സംവിധായകൻ മോഹൻലാലിനെ കാണിച്ചു തന്നതും അങ്ങനെയായിരുന്നു. താൻ കാണാനാഗ്രഹിക്കുന്ന ഇന്നത്തെ മോഹൻലാലിനെയാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ കാണിച്ചു തന്നത്. പല ഭാഷകളിലെ നടന്മാരെ ഉൾപ്പെടുത്തിയത് കൊണ്ടോ, വലിയ ബഡ്‌ജറ്റ് ഉള്ളത് കൊണ്ടോ ഒരു ചിത്രം പാൻ ഇന്ത്യൻ ചിത്രമായി മാറില്ലെന്നും, അതിന്റെ പ്രമേയം ഇന്ത്യൻ മുഴുവൻ സ്വീകരിക്കപ്പെടുന്ന തരത്തിലുള്ളതാണെങ്കിൽ മാത്രമാണ് ഒരു ചിത്രം പാൻ ഇന്ത്യൻ ചിത്രമായി മാറുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ലൂസിഫറിന് ശേഷം ബ്രോ ഡാഡി എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്ത പൃഥ്വിരാജ് ഇനി എംപുരാൻ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close