യുവ സൂപ്പർ താരം പൃഥ്വിരാജ് ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. മലയാള സിനിമയിൽ ഉള്ള താരങ്ങളുടെ ആരാധകർ അതിരു വിടുന്നതിനെ കുറിച്ചുള്ള തന്റെ നിരാശ പൃഥ്വിരാജ് ഈ അഭിമുഖത്തിൽ പങ്കു വെച്ചിരുന്നു. അതോടൊപ്പം തന്റെ കരിയറിൽ വളരെ നിർണ്ണായകമായ ഒരു തിരിച്ചറിവ് തനിക്കു കിട്ടിയ സംഭവവും ഓർത്തെടുക്കുകയാണ് പൃഥ്വിരാജ്. കുറെ വർഷങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെട്ട വ്യക്തിയാണ് പൃഥ്വിരാജ്. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും അന്ന് ട്രോൾ ചെയ്യപ്പെടുകയുണ്ടായി.
തീയേറ്ററിൽ പൃഥ്വിരാജ് സ്‌ക്രീനിൽ വരുമ്പോൾ കാണികൾ കൂവി വിളിക്കുന്ന സമയം ആയിരുന്നു അത്. ഇന്ത്യൻ റുപ്പീ എന്ന രഞ്ജിത്ത് ഫിലിം ആണ് പൃഥ്വിരാജ് സുകുമാരൻ എന്ന നടന് എല്ലാ അർത്ഥത്തിലും ഒരു തിരിച്ചു വരവ് സമ്മാനിച്ച ചിത്രങ്ങളിൽ ഒന്ന്. ആ സമയത്തെ ഒരു അനുഭവം പൃഥ്വിരാജ് പറയുകയാണ്. ആ സമയത്തു താൻ ഒരു അവാർഡ് ഫങ്ക്ഷനിൽ പോയപ്പോൾ തന്റെ വാക്കുകൾ കേൾക്കാൻ ഉള്ള മനസ്സ് പോലും കാണിക്കാതെ കാണികൾ കൂവി വിളിച്ച അനുഭവം തനിക്കു ഉണ്ടായതായി പൃഥ്വിരാജ് ഓർക്കുന്നു. അങ്ങനെ വളരെ മോശം അവസ്ഥയിൽ കൂടി താൻ കടന്നു പോകുന്ന സമയത്താണ് ഇന്ത്യൻ റുപ്പീ റിലീസ് ചെയ്തത് എന്നും അന്ന് താൻ സ്‌ക്രീനിൽ വരുമ്പോൾ ആളുകൾ കൂവുന്ന സമയം ആയിട്ടും ആ ചിത്രം സൂപ്പർ ഹിറ്റായി മാറി എന്നും പൃഥ്വിരാജ് പറയുന്നു.
അപ്പോൾ മുതൽ ആണ് തന്റെ ഇമേജിൽ ശ്രദ്ധിക്കാതെ താൻ ചെയ്യുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ ആരംഭിച്ചത് എന്നാണ് ഈ നടൻ വെളിപ്പെടുത്തുന്നത്. പ്രേക്ഷകർക്ക് മുന്നിൽ നമ്മൾ എത്തിക്കുന്ന സിനിമകൾ നന്നായാൽ അവർ അത് സ്വീകരിക്കുകയും അതിലൂടെ നമ്മളെ സ്നേഹിക്കുകയും ചെയ്യും എന്ന തിരിച്ചറിവ് തനിക്കു ലഭിച്ചത് അതിലൂടെ ആണെന്നും പൃഥ്വിരാജ് പറയുന്നു. അതിനു ശേഷം തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച ഓരോ നല്ല കാര്യങ്ങളും ആ തിരിച്ചറിവിന്റെ ഫലമായാണ് നടന്നത് എന്നും പൃഥ്വിരാജ് വിശദീകരിച്ചു.