മലയാളത്തിന്റെ യുവ സൂപ്പർ താരവും ഇപ്പോൾ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് സുകുമാരൻ തന്റെ അരങ്ങേറ്റത്തെക്കുറിച്ചു പറയുന്ന കഥയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്. സത്യത്തിൽ അഭിനയത്തോട് ഏറ്റവും പാഷൻ ഉണ്ടായിരുന്നത് ചേട്ടൻ ഇന്ദ്രജിത്തിന് ആയിരുന്നെന്നും താൻ ഒരു നടനായി മാറുമെന്ന് വീട്ടിലാരും പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ രഞ്ജിത്തിനോട് പൃഥ്വിരാജ് സുകുമാരനിൽ ഒരു നടനുണ്ട് എന്ന കാര്യം പറയുന്നത് സംവിധായകൻ ഫാസിലാണ്. കാരണം, പൃഥ്വിരാജ് സുകുമാരൻ എന്ന നടനെ ആദ്യമായി സ്ക്രീൻ ടെസ്റ്റ് നടത്തിയ വ്യക്തിയാണ് ഫാസിൽ. പൃഥ്വിരാജ് പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്തു വെച്ച് അദ്ദേഹത്തെ കണ്ട ഫാസിൽ, മല്ലിക സുകുമാരനോട് മകനെ സ്ക്രീൻ ടെസ്റ്റിന് അയക്കാൻ പറയുകയായിരുന്നു.
അഭിനയം ഒരു ആവേശമൊന്നുമല്ലായിരുന്നു എങ്കിലും ഒരു രസം എന്ന നിലയിലാണ് താനാ സ്ക്രീൻ ടെസ്റ്റിന് പോയതെന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ ഫാസിൽ സാറിന്റെ ആലപ്പുഴയിലെ വീട്ടിൽ തന്റെ സ്ക്രീൻ ടെസ്റ്റിന് ഒപ്പം അഭിനയിക്കാൻ വന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു എന്നും അത് പിൽക്കാലത്തു തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയ അസിൻ തോട്ടുങ്കൽ ആയിരുന്നുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട് ഒരുക്കിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അസിൻ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പർ നായികയായി മാറി. അതിനു ശേഷം ബോളിവുഡിലും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി അസിൻ അഭിനയിച്ചു. എന്നാൽ ആ സ്ക്രീൻ ടെസ്റ്റിൽ അല്ലാതെ പൃഥ്വിരാജ്- അസിൻ ജോഡി പിന്നീട് ഒരിക്കലൂം ഒരുമിച്ചഭിനയിച്ചില്ല എന്നതും കൗതുകരമായി മാറി.